എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷിന് 14.98 കോടിയുടെ സ്വത്ത്
text_fieldsകൊല്ലം: എൽ.ഡി.എഫ് കൊല്ലം മണ്ഡലം സ്ഥാനാർഥി എം. മുകേഷിന് ആകെ 14.98 കോടിയുടെ സ്വത്ത്. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്ത്വിവരങ്ങൾ വ്യക്തമാക്കിയത്.
50,000 രൂപയാണ് കൈവശമുള്ളത്. ബാങ്ക് അക്കൗണ്ട് നിക്ഷേപം, ഓഹരി നിക്ഷേപം, വാഹനങ്ങൾ, സ്വർണം എന്നിവയിലായി ആകെ 10,48,58,376 രൂപയുടെ സ്വത്ത്.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ 7.44 കോടി രൂപയായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്ന സ്വത്ത്. ആകെ 10.22 കോടി രൂപയുടെ ആകെ മൂല്യമുള്ള സ്വത്തായിരുന്നു സത്യവാങ്മൂലത്തിൽ അന്ന് കാണിച്ചിരുന്നത്.
നിലവിൽ 2.4 ലക്ഷത്തിന്റെ സ്വർണമുണ്ട്. രണ്ട് കാറുകളാണ് സ്വന്തം പേരിലുള്ളത്. കാർഷികേതര ഭൂമി 3,39,50,000 രൂപയുടേത്. മറ്റ് കെട്ടിടങ്ങളായി 1.10 കോടി രൂപയുടെ മാർക്കറ്റ് വില വരുന്ന സ്വത്തുമുണ്ട്. ഇത് രണ്ടും ചേർന്ന് ആകെ 4,49,50,000 രൂപയുടെ സ്വത്താണുള്ളത്. കൊല്ലം വടക്കേവിളയിൽ കുടുംബസ്വത്തായി ലഭിച്ച 33 സെന്റ് ഭൂമിയുണ്ട്. തിരുവനന്തപുരത്തും വിവിധ സ്ഥലത്ത് ഭൂമിയുണ്ട്. കൊല്ലത്ത് ശക്തികുളങ്ങര, എറണാകുളം, തമിഴ്നാട് മഹാബലിപുരം എന്നിവിടങ്ങളിലും ഭൂമിയുണ്ട്. ചെന്നൈയിൽ ഫ്ലാറ്റും സ്വന്തമായുണ്ട്.
ഭാര്യ മേതിൽ ദേവിക, ആദ്യ ഭാര്യ സരിത, ശ്രീനിവാസൻ എന്നിവരുമായി പങ്കാളിത്തത്തിലും ഭൂമിയും ഫ്ലാറ്റും നിലവിലുണ്ട്. സ്ഥാവര ജംഗമ സ്വത്തായി മുകേഷിന്റെ പേരിൽ ആകെയുള്ളത് 14,98,08,376 രൂപയാണ്. ഭാര്യ മേതിൽ ദേവികയുമായി വിവാഹമോചനക്കേസ് നിലനിൽക്കുന്നതിനാൽ അവരുടെ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

