തിരുവനന്തപുരത്ത് സുധീർ കരമന, പ്രഖ്യാപിച്ച് എൽ.ഡി.എഫ്; കൃഷ്ണകുമാറിനെ പരിഗണിക്കാൻ ബി.ജെ.പി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി നടൻ സുധീർ കരമന മത്സരിക്കും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സുധീർ കരമന. ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും ഉള്ള സുധീറിന് രാഷ്ട്രീയത്തിനപ്പുറം കൂടുതൽ വോട്ടുകൾ ലഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ജനാധിപത്യ കേരള കോൺഗ്രസിന്‍റെ സീറ്റായിരുന്നു തിരുവനന്തപുരം. എന്നാൽ ആന്‍റണി രാജുവിന് അയോഗ്യത നേരിടേണ്ടി വന്നതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥി എന്ന തീരുമാനത്തിലേക്ക് എൽ.ഡി.എഫ് എത്തിയത്.
സുധീർ കരമന നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. യു.ഡി.എഫ് സ്ഥാനാർഥിയായ സി.പി. ജോൺ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി കരമന ജയനെയാണ് തീരുമാനിച്ചിരുന്നത്. ഇപ്പോൾ ആ സീറ്റിലേക്ക് നടനും ബി.ജെ.പി പ്രവർത്തകനുമായ കൃഷ്ണകുമാർ എത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ബി.ജെ.പിയുടെയോ എൻ.ഡി.എയുടെയോ ഭാഗത്തു നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദമോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് കൃഷ്ണകുമാർ നരേന്ദമോദിയെ കണ്ടത്.
അതേസമയം, സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതല്ലെന്നും ഇടതുപക്ഷം ജീവിതത്തിന്‍റെ ഭാഗമാണെന്നും സുധീർ കരമന പ്രതികരിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് സുധീർ കരമനയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സി.പി.എം സ്ഥാനാർഥിയെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു നേതാക്കളുടെ പ്രതിഷേധം. നടൻ കരമന ജനാർദനൻ നായരുടെ മകനാണ് സുധീർ കരമന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

