സന്ദീപ് വാര്യരെ കരുവാക്കി സുന്നി പത്രങ്ങളിൽ പരസ്യം; എൽ.ഡി.എഫ് നടപടി വിവാദത്തിൽ
text_fieldsപാലക്കാട്: ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കരുവാക്കി ഇടതുമുന്നണി പാലക്കാട്ട് സുന്നിപത്രങ്ങളിൽ പ്രസിദ്ധീകരിച്ച പത്ര പരസ്യം വിവാദത്തിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചത്. പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള പരസ്യം നൽകിയിട്ടില്ല. 20 ശതമാനത്തോളം മുസ്‍ലിം വോട്ടുകളാണ് പാലക്കാട് നിയമസഭ മണ്ഡലത്തിലുള്ളത്.
ബി.ജെ.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം.
ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്.
ഈ പത്രപരസ്യം സി.പി.എമ്മിന്റെ ഗതികേടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പറഞ്ഞു. സന്ദീപിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഇപ്പോള്‍ വര്‍ഗീയതയെ കുറിച്ച് പറയുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് കണ്ടത് കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേർഷനാണെന്ന് ഷാഫി പറമ്പില്‍ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ എങ്ങനെയാണ് ഇതിനു അനുമതി കൊടുത്തത്? ബിജെപി ഈ പരസ്യം കൊടുത്താൽ മനസിലാക്കാം. പത്രത്തിന്‍റെ കോപ്പി എം.ബി. രാജേഷിന്‍റെ വീട്ടിലും എ.കെ. ബാലന്‍റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്ന് പറഞ്ഞത് ആരാണെന്നും ഷാഫി ചോദിച്ചു.
എന്നാൽ, പരസ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനാവശ്യവിവാദം ഉണ്ടാക്കുകയാണെന്നാണ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. എല്ലാ പത്രത്തിലും പരസ്യം കൊടുത്തിട്ടുണ്ടെന്നും സുപ്രഭാതത്തിലേയും സിറാജിലേയും പരസ്യം മാത്രം വിവാദമാക്കുന്നത് എന്തിനെന്നും രാജേഷ് ചോദിച്ചു.

