ലോറൻസിന്റെ മൃതദേഹം കൈമാറാനുളള ഉത്തരവ് അനാട്ടമി ആക്ട് പ്രകാരം
text_fieldsഎറണാകുളം ടൗൺഹാളിൽ എം.എം. ലോറൻസിന്റെ മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം കൊച്ചി മെഡിക്കൽ കോളജിന് കൈമാറാനുള്ള ഹൈകോടതി നിർദേശം 1957ലെ അനാട്ടമി ആക്ട് പ്രകാരം ഉപാധികളോടെ. ആക്ടിലെ നാല് എ വകുപ്പ് പ്രകാരം മൃതദേഹം പഠനാവശ്യത്തിന് കൈമാറാൻ മരണപ്പെട്ടയാൾ രേഖാമൂലം നൽകിയ സമ്മതപത്രമോ അവസാന നാളുകളിലെങ്കിലും രണ്ടോ അതിലധികമോ പേരോട് വാക്കാൽ നൽകിയ നിർദേശമോ ആവശ്യമാണ്.
ലോറൻസിന്റെ മൂന്ന് മക്കളിൽ ഒരാളായ ആശ ലോറൻസാണ് പിതാവിന്റെ മൃതദേഹം പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണിച്ച് മറ്റ് രണ്ട് മക്കൾ സത്യവാങ്മൂലവും നൽകി. ഇതോടെയാണ് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കോടതി നിർദേശം നൽകിയത്. അതേസമയം, ആശ പ്രിൻസിപ്പലിന് വിയോജനക്കുറിപ്പ് നൽകിയ സാഹചര്യത്തിൽ ഇവരെയടക്കം കേട്ട് ഉചിത തീരുമാനമെടുക്കാനും അതുവരെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകാതെ സൂക്ഷിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ 21നാണ് എം.എം. ലോറൻസ് മരിച്ചത്. അദ്ദേഹം സെന്റ് സേവ്യേഴ്സ് ചർച്ച് കതൃക്കടവ് പള്ളിയിലെ അംഗമാണെന്നും അദ്ദേഹത്തിന്റെയും നാല് മക്കളുടേയും വിവാഹം നടന്നത് ക്രൈസ്തവ ആചാരപ്രകാരമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്നോ മെഡിക്കൽ കോളജിന് വിട്ടുനൽകണമെന്നോ പിതാവ് ആഗ്രഹം പറഞ്ഞിട്ടില്ല. ഇതിനുള്ള സമ്മതപത്രവുമില്ല. ഈ സാഹചര്യത്തിൽ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. എന്നാൽ, പിതാവ് തന്റെ ആഗ്രഹം മക്കളോടും സഹപ്രവർത്തകരോടും പാർട്ടിയുമായി ബന്ധപ്പെട്ടവരോടും പറഞ്ഞിട്ടുണ്ടെന്ന് മക്കളായ എം.എൽ. സജീവൻ, സുജാത ബോബൻ എന്നിവർ സത്യവാങ്മൂലത്തിൽ പറഞ്ഞു. 1957ലെ അനാട്ടമി ആക്ട് 4 എ പ്രകാരം മരിച്ചയാളുടെ രേഖാമൂലമുള്ള സമ്മതപത്രം അനിവാര്യമല്ലെന്ന് സർക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോണിയും അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ പ്രത്യേകം പരാമർശിച്ചാണ് വിഷയം കോടതിയുടെ മുന്നിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

