Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോജനങ്ങൾക്ക്...

വയോജനങ്ങൾക്ക് നിയമത്തിന്റെ ഊന്നുവടി

text_fields
bookmark_border
വയോജനങ്ങൾക്ക് നിയമത്തിന്റെ ഊന്നുവടി
cancel

കേരളീയരുടെ ആരോഗ്യനിലവാരം വികസിത യൂറോപ്യൻ രാജ്യങ്ങളുടേതിന് കിടപിടിക്കുന്നതായതോടെ മലയാളിയുടെ ആയുർദൈർഘ്യം ഏറെ ഉയർന്നിട്ടുണ്ട്. ഇതിനാൽതന്നെ വയോജനങ്ങളുടെ എണ്ണം വർഷാവർഷം ഉയർന്നുവരികയാണ്. ശാസ്ത്രത്തിന്റെ വളർച്ചകൊണ്ട് നേടിയ ആയുർദൈർഘ്യം പലരുടെ കാര്യത്തിലും ശാപമായി മാറി എന്നതാണ് സത്യം.

കൂട്ടുകുടുംബ വ്യവസ്ഥ തകരുകയും അണു കുടുംബങ്ങൾ വ്യാപകമാവുകയും പ്രവാസികളുടെ എണ്ണം പെരുകുകയും ചെയ്തതോടെ വൃദ്ധജനങ്ങളുടെ ജീവിതം സാമൂഹിക ഒറ്റപ്പെടലിന്റെയും അവഗണനയുടെയും ചുഴിയിലായി. ഇതോടെ നിരവധി വയോജനങ്ങൾ ആരും സംരക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയിലുമായി.

ഈ സാമൂഹ്യപ്രശ്നം പരിഹരിക്കാൻ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി കൊണ്ടുവന്ന നിയമമാണ് ദി മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ട് 2007. സ്വന്തമായി സമ്പാദ്യമോ വരുമാനമോ ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ പൗരന്മാർക്കും മാതാപിതാക്കൾക്കും പരിരക്ഷയും ചികിത്സയും ജീവിതസൗകര്യങ്ങളും ലഭ്യമാക്കാനാണ് ഈ നിയമം.

മുതിർന്നവരെ സംരക്ഷിക്കേണ്ടത് ആരാണ്?

മുതിർന്ന പൗരന്മാരെയും മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ബാധ്യത അനന്തരാവകാശികൾ എന്ന നിലയിൽ മക്കൾക്കാണ്. സന്താനങ്ങളില്ലാത്ത വ്യക്തിയാണെങ്കിൽ സംരക്ഷണ ബാധ്യത അവരുടെ സ്വത്തിന്റെ അനന്തരാവകാശിയായ ബന്ധുവിനാണ്. അനന്തരാവകാശികളായി മക്കളും ബന്ധുക്കളും ഒന്നിലധികം ഉണ്ടെങ്കിൽ ബാധ്യത തുല്യമായിരിക്കും. സംരക്ഷണം എന്നതിൽ ആഹാരം, വസ്ത്രം, വസതി, വൈദ്യസഹായം, ചികിത്സ എന്നിവയെല്ലാം ഉൾക്കൊള്ളും.

എവിടെയാണ് പരാതി നൽകേണ്ടത്?

മക്കളോ ബന്ധുക്കളോ പ്രായമായവർക്ക് ജീവിതചെലവ് നൽകുന്നില്ലെങ്കിൽ മെയിന്റനൻസ് ട്രൈബ്യൂണലിലാണ് ജീവനാംശത്തിനായി പരാതി നൽകേണ്ടത്. ആർ.ഡി.ഒ (സബ് ഡിവിഷനൽ മജിസ്ട്രേറ്റ്) ആണ് ട്രൈബ്യൂണലിന്റെ ചുമതല. നേരിട്ട് പരാതി നൽകാൻ പ്രയാസമുണ്ടെങ്കിൽ അവർ അധികാരപ്പെടുത്തുന്ന വ്യക്തിക്കോ സന്നദ്ധ സംഘടനക്കോ, മെയിന്റനൻസ് ഓഫിസർക്കോ ട്രൈബ്യൂണലിൽ പരാതി ബോധിക്കാവുന്നതാണ്.

പരാതിക്കാരൻ താമസിക്കുന്നതോ അല്ലെങ്കിൽ എതിർകക്ഷികളായ മക്കളും ബന്ധുക്കളും താമസിക്കുന്നതോ ആയ സ്ഥലത്ത് അധികാരപരിധിയുള്ള ട്രൈബ്യൂണലിലാണ് പരാതി നൽകേണ്ടത്.

നടപടിക്രമങ്ങൾ എങ്ങനെ?

പരാതി ലഭിച്ചുകഴിഞ്ഞാൽ മക്കൾക്ക് അല്ലെങ്കിൽ ബന്ധുക്കൾക്ക് ട്രൈബ്യൂണൽ നോട്ടീസ് കൊടുക്കുകയും അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയും ചെയ്യും. ഈ നടപടിക്രമങ്ങൾക്കിടയിൽതന്നെ ഇടക്കാല ജീവനാംശം നൽകാൻ മക്കളോട്, ബന്ധുക്കളോട് ട്രൈബ്യൂണലിന് ഉത്തരവിടാം.

ജീവനാംശം നൽകേണ്ടവർ ഇന്ത്യക്ക് പുറത്താണെങ്കിൽ കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനം വഴി നിർദേശിക്കുന്ന അതോറിറ്റി മുഖേന സമൻസ് അയക്കും. സമൻസ് ലഭിക്കുന്ന മക്കളോട് ബന്ധുക്കളോ ട്രൈബ്യൂണലിൽ ഹാജരാവാതിരുന്നാൽ അവരെ കേൾക്കാതെ തന്നെ ട്രൈബ്യൂണലിന് തീർപ്പ് കൽപ്പിക്കാം.

ഉത്തരവ് പാലിച്ചില്ലെങ്കിൽ എന്ത് നടപടി?

ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരം മക്കളോ ബന്ധുക്കളോ ജീവനാംശം കൊടുത്തില്ലെങ്കിൽ ട്രൈബ്യൂണൽ വാറന്റ് പുറപ്പെടുവിക്കും. ഉത്തരവ് ലംഘനത്തിന് പിഴയും കുടിശ്ശിക ഉള്ള മാസങ്ങളിലെ ജീവനാംശവും നടപടിക്രമങ്ങളിലൂടെ ചെലവും ഈടാക്കും. അടച്ചു തീർക്കേണ്ട മുഴുവൻ പണവും ഈടാക്കാനില്ലെങ്കിൽ അത് അടക്കുന്നത് വരെയോ അല്ലെങ്കിൽ ഒരു മാസമോ തടവു ശിക്ഷയും വിധിക്കും. ജീവനാംശം നൽകുന്നതിൽ മുടക്കം വരുത്തിയാൽ കുടിശ്ശിക ഈടാക്കി കിട്ടാൻ മൂന്നു മാസത്തിനകം ട്രൈബ്യൂണലിൽ പരാതി സമർപ്പിക്കണം.

മെയിന്റനൻസ് ട്രൈബ്യൂണലിന്‍റെ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കേണ്ടത് ജില്ല മജിസ്ട്രേറ്റ് (കലക്ടർ)അധ്യക്ഷനായ അപ്പലേറ്റ് ട്രൈബ്യൂണലിലാണ്. വിധി വന്ന ശേഷം 60 ദിവസമാണ് അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി. ട്രൈബ്യൂണലിലോ അപ്പലേറ്റിലോ പരാതിക്കാരനെ പ്രതിനിധാനംചെയ്യാൻ അഭിഭാഷകർക്ക് അവകാശമില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

വസ്തു കൈമാറിയത് അസാധുവാക്കാനും അധികാരം

ഈ നിയമം നടപ്പിലായശേഷം ഏതെങ്കിലും മുതിർന്ന പൗരൻ തന്റെ വസ്തു ഇഷ്ടദാനമായോ മറ്റു വിധത്തിലോ മക്കൾക്കോ ബന്ധുക്കൾക്കോ കൈമാറിയത് അസാധുവാക്കാനും അധികാരമുണ്ട്. വസ്തു നൽകിയവരുടെ സംരക്ഷണ കാര്യത്തിലെ വ്യവസ്ഥകൾ വസ്തു ലഭിച്ചവർ പാലിച്ചില്ലെങ്കിലാണ് ഈ അധികാരം പ്രയോഗിക്കുക.​

സ്വത്ത് എഴുതി വാങ്ങിയശേഷം മുതിർന്നവരെയും അച്ഛനമ്മമാരെയും അവഗണിക്കുന്ന അവസ്ഥ പല കുടുംബങ്ങളിലും ഉണ്ട്. ഇതിന് തടയിടാനാണ് ഈ നിയമത്തിൽ ട്രൈബ്യൂണലിന് ഇത്തരമൊരു അധികാരം നൽകിയിട്ടുള്ളത്. ചുരുക്കത്തിൽ അവഗണിക്കപ്പെടുന്ന അച്ഛനമ്മമാർക്കും മുതിർന്ന പൗരന്മാർക്കും ഏറെ ആത്മവിശ്വാസവും മാനസിക ആരോഗ്യവും പ്രദാനം ചെയ്യുന്നതാണ് ഈ നിയമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawTribunelOld Age People
News Summary - law and tribunal to protect elderly people
Next Story