Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം
cancel

കോഴിക്കോട്: ലോ അക്കാദമി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. ലോ അക്കാദമി ഭൂമി തിരിച്ചു പിടിക്കില്ലെന്ന് പറയുന്ന മഹാരഥന്മാർ ചരിത്രം അറിയണമെന്ന് സി.പി.ഐ മുഖപത്രം ജനയുഗത്തിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഭൂമി തിരിച്ചു പിടിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അനൗചിത്യം. ഭൂമി നൽകിയത് സർക്കാരിന് അധികാരമുള്ള ട്രസ്റ്റിനാണ്. ഇത് കുടുംബസ്വത്താക്കാൻ അനുവദിക്കില്ല. കുടുംബ സ്വത്താക്കാൻ സഹായിക്കുന്നവരെ ജനങ്ങൾ പുച്ഛിച്ച് തള്ളും. ചരിത്രം ഉൾകൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകൊട്ടകളാണ്. സർ സി.പി ശരിയെങ്കിൽ പുന്നപ്ര- വയലാർ രക്തസാക്ഷികൾക്ക് എന്ത് പ്രസക്തിയെന്നും മുഖപത്രത്തിലെ ലേഖനങ്ങളിൽ പറയുന്നു.

ലേഖനത്തിന്‍റെ പൂർണരൂപം:

ചോരുന്ന ഓലപ്പുരയിലിരുന്ന്‌ ഇന്ത്യയുടെ ആദ്യത്തെ സോഷ്യലിസ്റ്റു ബജറ്റിനു രൂപം നൽകിയ ആദർശത്തിടമ്പായ പി.എസ്‌ നടരാജപിള്ള തന്‍റെ അന്ത്യനിമിഷങ്ങളോടടുത്തപ്പോൾ മകനോടു പറഞ്ഞ ഹൃദയദ്രവീകരണശക്തിയുള്ള ഒരു വാചകം ലോ അക്കാദമിയെന്ന കുടുംബസ്വത്തിനെക്കുറിച്ചുള്ള ‘ജനയുഗ’ത്തിലെ പരമ്പരയിൽ ഉണ്ടായിരുന്നു. “എന്‍റെ മൃതദേഹത്തിന്‍റെ ചൂടാറും മുമ്പ്‌ കേരളം എന്നെ മറക്കും” എന്ന്‌. ഘനീഭൂതമായ ദുഃഖം പോലുള്ള വാക്കുകൾ!

മിനിഞ്ഞാന്ന്‌ അദ്ദേഹത്തെക്കുറിച്ചും ലോ അക്കാദമി ഭൂമിയെസംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. ‘ഏതോ ഒരു പിള്ളയുടെ’ ഭൂമി സർ സി.പിയാണ്‌ ഏറ്റെടുത്തതെന്നും കഴിഞ്ഞ സർക്കാരുകൾക്കൊന്നും അതിൽ പങ്കില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത്‌ നിന്നും ലോക്സഭയിലേക്ക്‌ വിജയിച്ചയാളാണ്‌ ഈ ‘ഏതോ ഒരു പിള്ള’ യെന്നോർക്കുക, ഇപ്പോൾ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കർ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സർ സി.പി രാമസ്വാമി അയ്യർ പിടിച്ചെടുത്തത്‌ അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്‍റെ പേരിലല്ല.

സി.പിയുടെ ദിവാൻ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്‍റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കൽ. സർ സി.പി മുതൽ പിണറായി വരെ നയിക്കുന്ന ഭരണകൂടങ്ങളെല്ലാം ചങ്ങലക്കണ്ണികൾ പോലുളള തുടർച്ചയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ സി.പി പിടിച്ചെടുത്ത ഭൂമി സർക്കാർ ഭൂമിയായത്‌. തനിക്ക്‌ ആ ഭൂമി തിരിച്ചുവേണ്ടെന്ന്‌ ദരിദ്രനായി അന്ത്യശ്വാസം വലിച്ച നടരാജപിള്ളസാർ ഭൂമി തിരിച്ചേൽപ്പിച്ച ഉത്തരവിനോട്‌ പ്രതികരിച്ചതും ചരിത്രം.

ദിവാൻ സർ സി.പി പിടിച്ചെടുത്ത ഭൂമിയിൽ പിന്നീട്‌ വന്ന സർക്കാരുകൾക്ക്‌ ഒരു കാര്യവുമില്ലെന്ന്‌ പറയുമ്പോൾ ആ വാക്കുകളിൽ പൂഴ്‌ന്നു കിടക്കുന്ന സംഗതമായ ചോദ്യങ്ങളുണ്ട്‌. ദിവാൻഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീർത്തതിന്റെ പേരിൽ നടരാജപിള്ള സാറിന്‍റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നോ? സി.പിയുടെ തേർവാഴ്ചകൾ ശരിയാണെങ്കിൽ ദിവാൻ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങൾ തീർത്ത്‌ രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്ര-വയലാർ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ?

ചരിത്രത്തിന്‍റെ അന്തർധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്നും വിശേഷിപ്പിക്കുന്നതിൽ വിപ്ലവ കേരളത്തിന്‌ മഹാദുഃഖമുണ്ട്‌. ആ ദുഃഖത്തിന്‌ നീതിനിരാസത്തിൽ നിന്നു പടരുന്ന രോഷത്തിന്‍റെ അലുക്കുകളുണ്ട്‌. ചരിത്രതമസ്കരണത്തിനെതിരായ മാനസിക കലാപമുണ്ട്‌. ആ കലാപത്തിന്‍റെ നേർത്ത അനുരണനമാണ്‌ നടരാജപിള്ള സാറിന്‍റെ പുത്രൻ വെങ്കിടേശ്വരനിലൂടെ പ്രബുദ്ധ കേരളം ശ്രവിച്ചത്‌. ആറുതവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും സിപിഐയുടെ പിന്തുണയോടെ ഒരിക്കൽ ലോക്സഭാംഗവുമായ നടരാജപിള്ള നമുക്ക്‌ ‘ഏതോ ഒരു പിള്ള’യല്ല. ഓർമയിൽ ചരിത്രത്തിന്‍റെ വേദിയിലെ കനകനടരാജ വിഗ്രഹമാണ്‌.

സർ സി.പി ഏറ്റെടുത്ത ഭൂമി ലോ അക്കാദമിയുടെ സ്വകാര്യസ്വത്തായതോടെ ആ ഭൂമി തിരിച്ചുപിടിക്കണമെന്ന്‌ നടരാജപിള്ളയുടെ പത്നി സർക്കാരിനോട്‌ അപേക്ഷിച്ചിരുന്നു. അത്‌ സർക്കാർ ചെവിക്കൊണ്ടില്ല. കരുണാകരൻ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരുന്ന കേരളാ കോൺഗ്രസ്‌ നേതാവ്‌ പി.ജെ ജോസഫിനെക്കൊണ്ട്‌ ലോ അക്കാദമി ഭൂമി പതിച്ചുവാങ്ങാൻ വേണ്ടി നാരായണൻ നായരുടെ ഭാര്യ പൊന്നമ്മയെ വനിതാ കേരളാ കോൺഗ്രസ്‌ കുപ്പായമണിയിക്കാൻ പോലും തുനിഞ്ഞ ഒരു കുടുംബത്തിന്റെ ജുഗുപ്സാവഹമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌. സി.പി.ഐ നേതാവ്‌ പി.എസ്‌ ശ്രീനിവാസൻ റവന്യുമന്ത്രിയായിരുന്നപ്പോൾ ഭൂമി പതിച്ചെടുക്കാൻ നടത്തിയ പിത്തലാട്ടങ്ങളൊന്നും ഫലിക്കാതായപ്പോൾ കേരളാ കോൺഗ്രസ്‌ പ്രച്ഛന്നവേഷത്തിലൂടെ സംഗതി കൂളായി നേടിയെടുത്തു! മുസ്ലിംലീഗിനായിരുന്നു റവന്യുവകുപ്പെങ്കിൽ ഈ കുടുംബത്തിലൊരാളെ പൊന്നാനിയിലയച്ച്‌ സുന്നത്ത്‌ കല്യാണം നടത്തി മുസ്ലിംലീഗിന്‍റെ  കുപ്പായവും തൊപ്പിയുമണിയിച്ച്‌ ഇടതുവശത്തു മുണ്ടുടുപ്പിക്കാൻ പോലും മടിക്കുമായിരുന്നില്ല!

ലോ അക്കാദമിക്ക്‌ കൃഷിമന്ത്രിയായിരുന്ന എം.എൻ ഗോവിന്ദൻ നായർ സർക്കാർ നിയന്ത്രണമുള്ള ട്രസ്റ്റിന്‌ ഉദ്ദേശകാരണങ്ങൾ വിശദീകരിച്ചു നൽകിയ ഭൂമി കുടുംബസ്വത്തായതും ആ ഭൂമിയിൽ അനധികൃതനിർമാണങ്ങൾ നടത്തിയതും അന്വേഷിച്ചു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.എമ്മിന്‍റെ ജീവിച്ചിരിക്കുന്ന ഏകസ്ഥാപക നേതാവായ വി.എസ്‌ അച്യുതാനന്ദൻ നൽകിയ പരാതിയിന്മേൽ റവന്യു വകുപ്പ്‌ അന്വേഷണം നടത്തുന്നതിനിടയിൽ സർ സി.പി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌ അനൗചിത്യമായിപ്പോയെന്ന സി.പി.ഐ കേന്ദ്ര നിർവാഹക സമിതി അംഗം ബിനോയ്‌വിശ്വത്തിന്‍റെ  പ്രതികരണത്തിന്‌ ശക്തിയേറുന്നത്‌ ഈ സന്ദർഭത്തിലാണ്‌.

റവന്യു വകുപ്പെന്താ പിണറായി സർക്കാരിന്‍റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്‌. സർ സി.പിയുടെ ഏകാധിപത്യ വാഴ്ചയിലെ തെറ്റുകൾ വൈകിയായാലും തിരുത്താൻ നിമിത്തമായത്‌ ലോ അക്കാദമിയിലെ വിദ്യാർഥിസമരമാണ്‌. അതിനുപകരം സി.പിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗർഹണീയവുമായാണ്‌ പൊതു സമൂഹം കാണുന്നത്‌. നിയമത്തെ ചവിട്ടിയരയ്ക്കാനുള്ള ധാർഷ്ട്യം കാട്ടാൻ ലോ അക്കാദമി മാനേജ്മെന്റിനു കരുത്തുപകരുന്ന ശക്തികൾ ആരെന്ന്‌ അന്വേഷിക്കേണ്ടതാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അഭിപ്രായത്തിൽ തന്നെ അതിന്‍റെ ഉത്തരവും അടങ്ങിയിട്ടുണ്ട്‌.

സമരം തീർക്കാൻ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രിയാകട്ടെ സമരസമിതിനേതാക്കളായ വിദ്യാർഥികളുടെയും മാനേജ്മെന്‍റിന്‍റെയും യോഗത്തിൽ കൈക്കൊണ്ട നിലപാട്‌ മാനേജ്മെന്‍റിന്‍റെയും ഒറ്റുകാരായ എസ്‌എഫ്‌ഐയുടെയും മെഗഫോൺ പോലെയായതും നിർഭാഗ്യകരം. താൻ വിളിച്ചുകൂട്ടിയ യോഗത്തിൽ നിന്ന്‌ വിദ്യാഭ്യാസ മന്ത്രി തന്നെ കയർത്ത്‌ ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമർശിച്ച സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രനു മറുപടി നൽകാതെ ‘മിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും’ എന്ന നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന്‌ വിശേഷിപ്പിച്ചാൽ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കും, മാനനഷ്ടത്തിന്‌ കേസുകൊടുക്കും!

നിയമകലാലയം സർക്കാർ നിയന്ത്രണത്തോടെ നടത്താൻ നൽകിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്‍റെ ഒരരകിൽ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയിൽ തറവാടുഭവനങ്ങൾ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാർവത്യാർ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസർവകലാശാല, കൈരളി ബ്യൂട്ടി പാർലർ ആൻഡ്‌ തിരുമൽ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാൻ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക്‌ ആണോ?

എസ്‌.എഫ്‌.ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകളെല്ലാം സമരരംഗത്ത്‌ ആവേശം വിതറി ഉറച്ചു നിൽക്കുകയും ഒന്നൊഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ഈ ധർമസമരത്തിന്‌ പിന്തുണ നൽകുകയും ചെയ്യുമ്പോൾ ആരും ബി.ജെ.പിയുടെ കെണിയിൽ വീഴരുതെന്നാണ്‌ ഒരു നേതാവിന്‍റെ  സാരോപദേശം. അതായത്‌ എല്ലാപേരും ഇങ്ങോട്ട്‌ വരിക, തങ്ങൾ തീർത്ത കെണിയിലും വാരിക്കുഴിയിലും വീഴുക എന്ന ആഹ്വാനത്തിന്‌ എന്തൊരു വാചികചന്തം!

‘ഞാനും ഞാനും എന്‍റെ നാൽപതുപേരും’ എന്ന ഒരു മാടമ്പി കുടുംബത്തിന്‍റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കാലത്തിനും സമൂഹത്തിനും മുന്നിൽ കഥാവശേഷരാകുമെന്നോർക്കുക. ചരിത്രത്തിന്‍റെ പാഠങ്ങൾ ഉൾക്കൊള്ളാത്തവർക്കുവേണ്ടി ചരിത്രത്തിന്‍റെ തന്നെ ചവറ്റുകുട്ടകൾ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുത്‌…

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpilaw academy issue
News Summary - law academy issue cpi attacks to pinarayi vijayan
Next Story