യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിന് നേരെ ലാത്തിച്ചാർജ്; ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 50 പേർക്ക് പരിക്ക്
text_fieldsയൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജഷീര്‍ പള്ളിവയലിനെ വളഞ്ഞിട്ട് മർദിക്കുന്നു
കല്‍പറ്റ: മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റതായി കൽപറ്റ പൊലീസ് അറിയിച്ചു. കലക്ടറേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ മുകളിൽ കയറിയിരുന്നു പ്രതിഷേധിച്ചു.
പിന്നീട് കലക്ടറേറ്റിലെ ഗേറ്റ് തള്ളിതുറന്ന് അകത്തുകയറാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇതോടെ കലക്‌ടറേറ്റിന് അകത്തുണ്ടായിരുന്ന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമായിരുന്നു സംഘർഷവും ലാത്തിച്ചാർജും.
ഈ സമയം ഡിവൈ.എസ്.പിയുമായി സംസാരിച്ചു നിന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ തലക്കാണ് പിറകിൽനിന്ന് ലാത്തിയടിയേറ്റത്. തുടർന്ന് ഡിവൈ.എസ്.പി തന്നെയാണ് വീണ്ടും മർദനം ഏൽക്കുന്നതിൽനിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ അമല്‍ജോയി, സംസ്ഥാന ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അരുണ്‍ദേവ്, സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജഷീര്‍ പള്ളിവയല്‍, യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയ നേതാക്കളുൾപ്പെടെയുള്ളവർക്കും ലാത്തിയടിയിൽ പരിക്കേറ്റു.
അമലിനെയും ജഷീറിനെയും പൊലീസ് വളഞ്ഞിട്ടു മർദിച്ചു. അമല്‍ ജോയിയുടെ കൈക്കും ഹര്‍ഷല്‍ കോന്നാടന്റെ കൈവിരലിനും പൊട്ടലുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം ശരീരമാസകലം ലാത്തിയടിയേറ്റു. ഗുരുതര പരിക്കേറ്റ അമല്‍ ജോയി ഉള്‍പ്പെടെയുള്ളവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കൽപറ്റ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

