ഒടുവിൽ കട്ടുപ്പൂച്ചൻ വലയിൽ; മണ്ണഞ്ചേരിയെ വിറപ്പിച്ച കുറുവ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ
text_fieldsമണ്ണഞ്ചേരി: മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നടന്ന കുറുവ മോഷണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യ പ്രതി സന്തോഷ് ശെൽവത്തിന്റെ പ്രധാന കൂട്ടാളി തമിഴ്‌നാട് കമ്പം സ്വദേശി കട്ടുപൂച്ചൻ (56) ഒടുവിൽ പൊലീസ് പിടിയിൽ.
തമിഴ്നാട് സേലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് മണ്ണഞ്ചേരി സി.ഐ പി.ജെ.ടോൾസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറുവ സംഘത്തിന്‍റെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലെ അവസാന കണ്ണിയാണ് കട്ടുപൂച്ചൻ.
കഴിഞ്ഞ നവംബറിലാണ് നാടിനെ മുൾ മുനയിലാക്കി ഭീതി പടർത്തിയ കുറുവ സംഘത്തിന്റെ മോഷണങ്ങൾ നടന്നത്. മോഷണങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് കട്ടുപൂച്ചനാണെന്ന് സന്തോഷിനെ ചോദ്യം ചെയ്‌തപ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാൽ ഇയാളെ പിടികൂടുവാൻ പൊലീസ് പലതവണ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
മാരാരിക്കുളത്ത് അമ്മയും മകളും മാത്രമുള്ള വീട്ടിൽ കയറി ഇവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിന്റെ ഭാഗമായാണ് പുറത്തിറങ്ങിയത്. മണ്ണഞ്ചേരിയിലും മറ്റും മോഷണം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിപ്പോയ ഇയാൾ പിന്നീട് ഇടുക്കി പുളിയൻമലയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് ഇവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.
പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമുൾപ്പെടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. ഇയാൾ സേലത്തുണ്ടെന്ന് അറിഞ്ഞ് പൊലീസ് ഏതാനും ദിവസം അവിടെ എത്തിയെങ്കിലും കിട്ടിയില്ല. മടങ്ങിയെത്തിയ ഉടനെ വീണ്ടും ഇയാൾ സേലത്തുണ്ടെന്ന് വ്യക്‌തമായ സൂചനയെ തുടർന്നാണ് പൊലീസ് ഇന്നലെ ഇയാളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 12നാണ് മണ്ണഞ്ചേരിയിൽ ഇവർ മോഷണം നടത്തിയത്. റോഡുമുക്കിന് പടിഞ്ഞാറ് മാളിയേക്കൽ ഇന്ദു കുഞ്ഞുമോൻ, കോമളപുരം നായിക്യംവെളി വി.എ.ജയന്തി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

