Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവസാനത്തെ മുത്തം 

അവസാനത്തെ മുത്തം 

text_fields
bookmark_border
അവസാനത്തെ മുത്തം 
cancel

‘എനിക്കൊന്ന് കൂടി മുനവ്വര്‍ മോനെ  മുത്തം വെക്കണം’- ഞായറാഴ്ച കൊടപ്പനക്കല്‍ തറവാട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ നിന്നിറങ്ങിയ അഹമ്മദ് സാഹിബ് അവശത വകവെക്കാതെ ഏറെ പ്രയാസപ്പെട്ട് പിന്നോട്ടുവന്ന് വല്‍സലനിധിയായ പിതാവിനെ പോലെ  മുത്തം വെച്ചു. മതിയായില്ല എന്ന് തോന്നി വീണ്ടുമൊരു ഉമ്മ കൂടി തന്ന് സലാം പറഞ്ഞ് പിരിഞ്ഞപ്പോള്‍ അത് അന്ത്യയാത്രയാകുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചില്ല. ബിരിയാണിയും ഊണുമെല്ലാം വയറു നിറയെ കഴിച്ച്, ജീവനു തുല്യം സ്നേഹിക്കുന്ന എളാപ്പ ഹൈദരലി തങ്ങള്‍ മുതല്‍ കുടുംബത്തിലെ ഇളം തലമുറകളെ വരെ കണ്ട് സൗഹൃദസംഭാഷണങ്ങള്‍ നടത്തി ഏറെ സന്തുഷ്ടനായാണ് മടങ്ങിയത്. 

കഴിഞ്ഞ ഡിസംബര്‍ 26ന് അദ്ദേഹത്തിന്‍െറ അവസാന ഫേസ്ബുക് പോസ്റ്റ് യൂത്ത്ലീഗ് ഭാരവാഹികളായ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുള്ളതായിരുന്നു. കലര്‍പ്പില്ലാത്ത സ്നേഹത്തിന്‍െറയും പരിലാളനയുടെയും ഇഴയടുപ്പമാണ്  ഇതെല്ലാം വിളിച്ചോതുന്നത്.

വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ കണ്ടു വളര്‍ന്ന നേതാവാണ് അദ്ദേഹം. രാത്രി ഏറെ വൈകിയാണ് പാണക്കാടത്തൊറുള്ളത്. പതിനൊന്ന് മണിയും കഴിഞ്ഞത്തെി പുലര്‍ച്ചെ രണ്ട് വരെ പിതാവുമായി സംസാരിച്ചിരിക്കും. രാഷ്ട്രീയത്തിനതീതമായി വലിയ സുഹൃദ്ബന്ധമാണ് അവര്‍ കാത്തുസൂക്ഷിച്ചത്. വാപ്പയുടെ ഈജിപ്തിലെ അല്‍അസ്ഹര്‍ വിജ്ഞാനവും അഹമ്മദ് സാഹിബിന്‍െറ രാജ്യാന്തര പരിചയവും കൂടിച്ചേരുമ്പോള്‍ ചര്‍ച്ചകള്‍ അതിരു കടക്കും. ശേഷം ഉമ്മ വിളമ്പുന്ന ഭക്ഷണവും കഴിച്ചാണ് മടങ്ങുക. 

ഞങ്ങളുടെ കുടുംബത്തിന്‍െറ അടിവേരുകള്‍ തേടി യമനിലേക്ക് യാത്ര തിരിക്കാന്‍  ഒരിക്കല്‍ വാപ്പ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവരൊന്നിച്ച് ഹദര്‍മൗതിലേക്ക് തിരിച്ചു. ശിഹാബുദ്ദീന്‍ കുടുംബത്തെക്കുറിച്ചും അവിടത്തെ സംസ്കാരവും ജീവിത ശൈലിയും എല്ലാം തിരിച്ചറിഞ്ഞ് മലബാറുമായുള്ള അവരുടെ ബന്ധത്തിന്‍െറ ആഴങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ ആ യാത്ര ഏറെ സഹായകമായി. 

മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി തുടങ്ങി എല്ലാവര്‍ക്കു മുമ്പിലും ‘മൈ ലീഡര്‍’ എന്ന് പറഞ്ഞാണ് പിതാവിനെ പരിചയപ്പെടുത്തിയത്. വാപ്പയുടെ വിയോഗത്തില്‍ ഏറെ മനംനൊന്ത് പൊട്ടിക്കരഞ്ഞ അഹമ്മദ് സാഹിബിന്‍െറ ചിത്രം ഇപ്പോഴും മുന്നില്‍  തെളിയുന്നു.  

കേന്ദ്രമന്ത്രിയായിരിക്കെ, ശിഹാബ് തങ്ങളുടെ ചികിത്സക്ക് അമേരിക്കയിലെ മയോക്ളിനിക്കിലേക്ക് തിരിച്ചപ്പോള്‍ രണ്ടാഴ്ച കൂടെ അഹമ്മദ് സാഹിബുണ്ടായിരുന്നു. യാത്രാ മധ്യേയുള്ള  മുഴുവന്‍ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും വേഗത്തിലാക്കി. കരിപ്പൂരില്‍ നിന്ന് മുംബൈ, ലണ്ടന്‍, ചിക്കാഗോ വഴി റോചസ്റ്ററില്‍ എത്തുമ്പോള്‍ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും അതീവ സുരക്ഷയും എംബസി വാഹനങ്ങളും ഒരുക്കിയിരുന്നു. ഞങ്ങള്‍ അവിടെയായിരിക്കെ ഉമ്മ മരിച്ചപ്പോള്‍ താങ്ങും തണലുമായി അദ്ദേഹത്തിന്‍െറ മകനും അമേരിക്കയിലത്തെിയിരുന്നു. രാജ്യവും ലോകവും അസഹിഷ്ണുതയുടെ പുതിയ പ്രതിസന്ധികള്‍ക്കിടയില്‍ കേഴുമ്പോള്‍ അഹ്മദ് സാഹിബിന്‍െറ വിടവു ഒരു നോവായി പടരുന്നു. 

Show Full Article
TAGS:E. Ahmed 
News Summary - last kiss
Next Story