കോഴിക്കോട് തീപിടിത്തം: പൊലീസ് പറഞ്ഞിട്ടും കേൾക്കാതെ തടിച്ചുകൂടിയത് വൻ ജനക്കൂട്ടം; അകലെ നിന്നുപോലും ആളുകളെത്തി
text_fieldsകോഴിക്കോട്: ഇന്നലെ കോഴിക്കോട് നഗര മധ്യത്തിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീ പടർന്നുവെന്ന വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വൻതോതിൽ ജനമാണ് തടിച്ചു കൂടിയത്. നിയന്ത്രിക്കാനാവാത്ത തരത്തിലാണ് ആളുകൾ ഇവിടെ തടിച്ചുകൂടിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് വളരെ ബുദ്ധിമുട്ടേണ്ടിവന്നു. വടം കെട്ടി നിയന്ത്രിച്ചിട്ടും ആൾക്കൂട്ടം അണപൊട്ടിയൊഴുകി.
ജീപ്പിൽ മെഗാഫോണുപയോഗിച്ച് അനൗൺസ് ചെയ്തെങ്കിലും ജനം പിരിഞ്ഞുപോകാൻ തയാറായില്ല. നഗരത്തെ വിഴുങ്ങി കറുത്ത പുക ഉയർന്നതോടെ അകലെ നിന്നുപോലും ആളുകളെത്തിയിരുന്നു.
മനം തകർന്ന് കച്ചവടക്കാർ
ആളിപ്പടർന്ന അഗ്നി തങ്ങളുടെ ജീവിതോപാധികൾ ഇല്ലാതാക്കുമ്പോൾ ഒന്നും ചെയ്യാനാകാതെ വിങ്ങിപ്പൊട്ടി, മനം തകർന്ന് നിൽക്കുകയായിരുന്നു കച്ചവടക്കാർ. ആളിപ്പടർന്ന തീയുടെ മുന്നിൽ ഇവർ നിസ്സഹായരായി. ടെക്സ്റ്റൈൽ ഷോപ്പിനോടു ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് കടകളുടെ ഉടമകൾ കത്തിയമരുന്ന കെട്ടിടം നോക്കി എല്ലാം നഷ്ടപ്പെട്ട നിലയിൽ നിൽക്കുകയായിരുന്നു.
തീ നിയന്ത്രണ വിധേയമെന്ന് തോന്നുന്ന ഘട്ടത്തിൽ കെട്ടിടത്തിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചവരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. കെട്ടിടത്തിനകത്തെ സ്വന്തം ഷോപ്പ് സുരക്ഷിതമാക്കാൻ ശ്രമിച്ചവരോട് ജീവന്റെ വിലയെക്കുറിച്ച് പൊലീസിന് പലതവണ ഓർമിപ്പിക്കേണ്ടി വന്നു.
ഇന്ന് വിദഗ്ധ സമിതി പരിശോധന
തീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

