മുട്ടം: സ്വകാര്യ ഓൺലൈൻ ഏജൻസി ജീവനക്കാരിൽനിന്ന് രണ്ട് ദിവസം മുമ്പ് റോഡിൽ നഷ്ടപ്പെട്ട ലാപ്ടോപ് തിരികെ ലഭിച്ചു. ഒരു ലക്ഷത്തിന് മേൽ വിലയുള്ള ലാപ്ടോപ് ഉപഭോക്താവിന് നൽകുന്നതിനായി ജീവനക്കാർ ബൈക്കിൽ തൊടുപുഴ - മുട്ടം റൂട്ടിൽ സഞ്ചരിച്ചപ്പോൾ മ്രാല ഭാഗത്ത് റോഡിൽ ലാപ്ടോപ് നഷ്ടപ്പെടുകയായിരുന്നു.
ഇത് സംബന്ധിച്ച് തൊടുപുഴ ഉണ്ടപ്ലാവ് മുളക്കപ്പറമ്പിൽ മനാഫ് നൗഷാദ് മുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾെപ്പടെ പരിശോധന നടത്തിയതിനെ തുടർന്ന് പ്രദേശത്തെ കോളജിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ റോഡിൽ വീണ് കിടന്ന ലാപ് ടോപ് എടുത്ത് കൊണ്ട് പോകുന്നതായി കണ്ടെത്തി.
ഇക്കാര്യം കോളജ് അധികൃതരെയും അറിയിച്ചു. ലാപ് ടോപ് തിരികെ ഏൽപിക്കണമെന്നും അല്ലാത്ത പക്ഷം പൊലീസ് പിടികൂടുമെന്ന കോളജ് അധികൃതരുടെ കർശന നിലപാടിനെ തുടർന്ന് വിദ്യാർഥികൾ ലാപ് ടോപ് മുട്ടം സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.