ടി.പി കേസ് പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാർ പിടികൂടി
text_fieldsകണ്ണൂർ: ടി.പി വധക്കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാർ പിടികൂടി. സ്വര്‍ണം തട്ടിയെടുക്കാന്‍ ഷാഫി സഹായിച്ചുവെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് യൂണിഫോമിലെ സ്റ്റാർ കണ്ടെത്തിയത്.
ഇതിന് പുറമെ പെൻഡ്രൈവും ലാപ്ടോപ്പും കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന നടത്തുന്നു. ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സഹായിച്ചുവെന്നായിരുന്നു മൊഴി. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നല്‍കിയതായും കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിൽ അര്‍ജുന്‍ സമ്മതിച്ചു. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനിയാണ് അര്‍ജുന്‍ ആയങ്കി.
ഒളിവില്‍ കഴിയാനും ടി.പി വധക്കേസ് പ്രതികള്‍ സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. കൊടി സുനിയുടെ സംരക്ഷണം സ്വർണക്കടത്ത് സംഘത്തിന് ലഭിച്ചതായി കസ്റ്റംസ് കണ്ടെത്തിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു.
സ്വര്‍ണ്ണക്കടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഈ സംഘത്തെ കണ്ടെത്താനും കൂടുതല്‍ തെളിവെടുപ്പുകള്‍ക്കുമായി അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കണ്ണൂരിലെത്തിച്ചിട്ടുണ്ട്. അര്‍ജുന്‍റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചനകള്‍.