പ്രളയകാലത്ത് ഡാം മാനേജ്മെന്‍റിലെ വീഴ്ച; തെളിവായി കെ.എസ്.ഇ.ബി കണക്കും
text_fieldsതിരുവനന്തപുരം: 2018ലെ പ്രളയകാലത്ത് ഡാം മാനേജ്മെന്‍റിൽ സർക്കാർ വീഴ്ചവരുത്തിയെന്നതിന് തെളിവായി ഡാമിലെ ജലനിരപ്പ് സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ പ്രതിദിന കണക്ക്. ഡാം മാനേജ്മെന്‍റിൽ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രിയും ജലവിഭവ വകുപ്പും വൈദ്യുതി വകുപ്പും അവകാശപ്പെടുമ്പോഴാണ് ഡാമിലെ ജലനിരപ്പ് സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ കണക്ക് ഈ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നത്.
അണക്കെട്ടുകളിൽ ജലനിരപ്പ് 90 ശതമാനമെത്തിയാൽ തുറന്നു വിടണമെന്നാണ് ഡാം മാനേജ്മെന്‍റ് വ്യവസ്ഥയിൽ പറയുന്നത്. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കിയിലും സമീപ ഡാമായ പമ്പയിലും 2018 ആഗസ്റ്റ് ഒന്നിന് തന്നെ ജലനിരപ്പ് 90 ശതമാനം എത്തിയതായി കെ.എസ്.ഇ.ബി കണക്കുകളിൽ പറഞ്ഞിരുന്നു. എന്നാൽ, രണ്ടു ഡാമുകളും തുറന്നു തുടങ്ങിയത് ആഗസ്റ്റ് 10 നാണ്. ആഗസ്റ്റ് അഞ്ചിലെ കണക്കനുസരിച്ച് കക്കി ഡാമിൽ ജലനിരപ്പ് 96.55 ശതമാനം എത്തി. ആഗസ്റ്റ് 15ന് ജലനിരപ്പ് 100.68 ശതമാനത്തിൽ എത്തുകയും ഡാം കവിഞ്ഞൊഴുകുമെന്ന അവസ്ഥ വരികയും ചെയ്തതോടെ ഷട്ടറുകൾ ആറും ഒരുമിച്ച് തുറന്നു. ഇതോടെയാണ് പമ്പയാർ ഗതിമാറി ഒഴുകിയതും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾ മഹാപ്രളയത്തിൽ മുങ്ങിയതും. ലക്ഷക്കണക്കിന് വീടുകളാണ് മുങ്ങിയത്.
4.234 കോടി ക്യുബിക് മീറ്റർ വെള്ളമാണ് ഒറ്റ ദിവസം തുറന്നുവിട്ടത്. ആഗസ്റ്റ് അഞ്ചായപ്പോൾ ഡാമുകൾ തുറന്നു വിടണമെന്ന് വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രിതല തീരുമാനമുണ്ടായില്ല. കക്കിയിൽ ആഗസ്റ്റ് ഒമ്പതിന് ജലനിരപ്പ് 99.38 ശതമാനമായി ഉയർന്നു. 10ന് പരമാവധി സംഭരണശേഷിയും കടന്ന് 100.39 ശതമാനമായി. ഇതോടെ 46 ലക്ഷം ക്യുബിക് മീറ്റർ ജലം തുറന്നുവിടാൻ ഉത്തരവായി. 11ന് ജലനിരപ്പ് 98.16 ശതമാനമായി കുറഞ്ഞു. അന്ന് 34.91 ശതമാനം ജലം തുറന്നുവിട്ടെങ്കിലും ഷട്ടർ താഴ്ത്തിയതു മൂലം പുറത്തേക്കുള്ള ജലമൊഴുക്ക് 73.2 ലക്ഷം ക്യൂബിക് മീറ്ററായി കുറഞ്ഞു. 13 മുതൽ മഴ വീണ്ടും ശക്തമായി. ജലനിരപ്പ് 99.17 ശതമാനമായി ഉയർന്നു. അപ്പോൾ തുറന്നുവിട്ടത് 1.173 കോടി ക്യുബിക് മീറ്റർ ജലം മാത്രം. 14ന് ജലനിരപ്പ് 97.99 ശതമാനമായി.
മഴ വീണ്ടും ശക്തമായതോടെ മുന്നറിയിപ്പൊന്നുമില്ലാതെ ആറു ഷട്ടറുകളും പരമാവധി ഉയർത്തി 2.697 കോടി ക്യുബിക് മീറ്റർ ജലം തുറന്നുവിട്ടു. എന്നിട്ടും ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിന് കുറവ് വന്നില്ല. 15ന് പരമാവധി സംഭരണശേഷിയും കവിഞ്ഞ് 100.68 ശതമാനമായി ഉയർന്നു. ഇത് വൻ ആശങ്ക സൃഷ്ടിച്ചു. അതോടെ ഡാമുകൾ പൂർണമായും തുറക്കുകയായിരുന്നു.
ആരോപണം ആവർത്തിച്ച് കുഴൽനാടൻ; ‘‘കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വ്യാജമെങ്കില്‍ നടപടിയെടുക്കട്ടെ’’
2018 പ്രളയത്തിന്‍റെ ഉത്തരവാദിത്തം അന്നത്തെ ജലവിഭവ വകുപ്പിനും മന്ത്രി മാത്യു ടി. തോമസിനുമാണെന്ന് ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. താഴെയുള്ള മണൽതിട്ട പൂർണമായും ഒലിച്ചുപോകുമെന്നതിനാൽ തോട്ടപ്പള്ളി സ്പിൽവേ തുറന്നുവിട്ടില്ല. കരിമണല്‍ ഖനനത്തിനാണ് സർക്കാർ മുന്‍ഗണന നല്‍കിയത്. മണ്ണ് ഒലിച്ചു പോകാതിരിക്കാൻ മഴ പെയ്യുംമുമ്പ് കരിമണൽ നീക്കാൻ നിർദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2019 മേയ് 31ന് ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ വിശദാംശങ്ങളും കുഴൽനാടൻ പുറത്തുവിട്ടു. 2019ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണല്‍ മാറ്റാനാണ്. തോട്ടപ്പള്ളിയില്‍നിന്ന് മഴക്കുമുമ്പ് മണല്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. എല്ലാ സമയവും മണലായിരുന്നു സര്‍ക്കാറിന് പ്രധാനം. 2018ലെ അനുഭവംവെച്ച് മണല്‍ ഒഴുകിപ്പോകരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മഴ വരുംമുമ്പ് എങ്ങനെയും മണലെടുക്കാനായിരുന്നു ഉത്തരവിലെ നിര്‍ദേശമെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. പ്രളയ വിഷയത്തില്‍ സി.പി.എം-ബി.ജെ.പി ഡീല്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

