തിരുവനന്തപുരം: കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയത്ത് കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നതായാണ് വിവരം. ആളുകളെ സാഹസികമായാണ് ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.
പത്തനംതിട്ടയിലെ കൊക്കത്തോടാണ് ഉരുൾപൊട്ടലുണ്ടായ മറ്റൊരു സ്ഥലം. ഉരുൾപൊട്ടലിനെ തുടർന്ന് നാല് വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ തുടങ്ങിയ കനത്ത മഴയാണ് ഉരുൾപൊട്ടലിന് കാരണം. സംഭവത്തെ തുടർന്ന് അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നു.
ഉരുൾപൊട്ടലിനെ തുടർന്ന് ശബരിമലയിലേക്കുള്ള കീരിത്തോട്-കണമല ബൈപ്പാസ് റോഡ് തകർന്നു. ശബരിമല തീർഥാടനത്തെ റോഡ് തകർന്നത് ബാധിക്കില്ലെന്നാണ് വിവരം.