മലമുകളിലുള്ള തടസപ്പെട്ട നീരരുവികളുടെ പ്രഭവ കേന്ദ്രങ്ങളിലാണ് ഉരുൾ പൊട്ടലുകൾ- പരിസ്ഥിതി വിദഗ്ധർ
text_fieldsകോഴിക്കോട്: മലമുകളിലുള്ള തടസപ്പെട്ട നീരരുവികളുടെ പ്രഭവ കേന്ദ്രങ്ങളിലാണ് ഉരുൾ പൊട്ടലുകൾ ഉണ്ടായതെന്ന് പരിസ്ഥിതി വിദഗ്ധർ. പുത്തുമല - കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ മൂന്നാം വാർഷികത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി കൽപ്പറ്റ പ്രസ് ക്ലബിൽ നടത്തിയ സെമിനാറിലാണ് വിലയിരുത്തൽ.
സമീപ കാലത്ത് വയനാട്ടിലെ ഭൂവിനിയോഗത്തിൽ അതീവഗുരുതരവും അനാശാസ്യവുമായ മാറ്റങ്ങൾ ഉണ്ടായെന്ന് മണ്ണു സംരക്ഷണ വിഭാഗം മുൻ ജില്ലാമേധാവി പി.യു. ദാസ് ആമുഖ പ്രഭാഷണത്തിൽ വ്യക്തമാക്കി. മൂന്നര ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള വയനാട്ടിൽ 3500 കിലോമീറ്റർ നീളത്തിലുണ്ടായിരുന്ന നദികളിൽ പകുതിയോളം നികത്തപ്പെട്ടു കഴിഞ്ഞു.
നദികൾക്കു മേൽ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും ഉയർന്നു വന്നു. ചതുപ്പുകളുടെയും വയലുകളുടെയും നാടായിരുന്ന വയനാട്ടിൽ അവയൊക്കെ കുന്നിടിച്ച് നികത്തി ബഹുനിലക്കെട്ടിടങ്ങൾ ഉണ്ടാക്കിയിരിക്കുന്നു.
മനുഷ്യൻ യാതൊരിടപെടലും നടത്താൻ പാടില്ലാത്ത പ്രദേശത്തെ നിബിഡവനങ്ങൾ നശിപ്പിച്ചതും കടും കുത്തനെയുള്ള കുന്നിൽ ചരിവിൽ ഏകവിളത്തോട്ടങ്ങൾ ഉണ്ടാക്കിയതും റിസോർട്ടുകൾ പണിതതും റോഡുകൾ നിർമ്മിച്ചതും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായി.
അതിതീവ്ര മഴ പെയ്യുന്ന ബാണാസുര സാഗറിന്റെ ക്യാച്ച്മെന്റ് ഏറിയയിലെ ചരിഞ്ഞ കുന്നിൻ ചരുവിലും ഉച്ഛിയിലും 50 ഓളം റിസോർട്ടുകൾ പ്രവർത്തിക്കുമന്നുണ്ട്.
പശ്ചിഘട്ട മലഞ്ചരിവുകളോട് ചേർന്ന വയനാട്ടിലെ അതീവ ലോലമായ പഞ്ചായത്തുകൾക്ക് പ്രത്യേക ദീർഘകാലമാസ്റ്റർ പ്ലാൻ വേണമെന്നും മഴയെ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണമെന്നും കൃഷി, കെട്ടിടനിർമ്മാണം, ഭൂവിനിയോഗം എന്നിവ ദീർഘകാല മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലേ ആകാവൂ എന്നും ഹ്യൂം സെന്റർ ഫോർ ഇക്കാളജിയിലെ ശ്‌സ്ത്രജ്ഞൻ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വനം കൊള്ളക്കാരും ക്വാറി - നിർമ്മാണ മാഫിയയും റിസോർട്ടു ലോബിയും കഴിഞ്ഞ കാൽ നൂറ്റാണ്ടയി പരിസ്ഥിതി ദുർബ്ബലമെന്ന് കേന്ദ്ര-സംസ്ഥാന വിദഗ്ദ സമിതികൾ വിധിയെഴുതിയ മലഞ്ചരിവുകളിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജില്ലാഭരണകൂടം എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തതിന്റെ തിക്തഫലം ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളൂവെന്നും വിദഗ്ധർ പറഞ്ഞു.
2018ലെയും 19 ലെയും പ്രളയത്തിനു ശേഷം ലോകത്തിന്റെ ഇതരഭാഗത്തുള്ള മഹാരോഗങ്ങൾ മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കി കൊണ്ടിരിക്കുന്ന ഗൗരവതരമായ പ്രതിഭാസം ഭരണകൂടം കണക്കിലെടുക്കണമെന്ന് ഡോ: രതീഷ് വ്യക്തമാക്കി. ലോകത്തെ മാംസാഹാരത്തിന്റെ 40 ശതമാനം തരുന്ന പന്നികളിൽ 30 ശതമാനം നശിച്ചു കഴിഞ്ഞു.
സെമിനാർ അഡ്വ: പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. വട്ടക്കാരി മജീദ്, സൂപ്പി പള്ളിയാൽ, സുലോചനാ രാമകൃഷ്ണൻ , വർഗ്ഗീസ് വട്ടേക്കാട്ടിൽ , ഖാലിദ് രാജ , ജംഷീർ, ഹരിഹരൻ തോമാട്ടുചാൽ, ഡോ. സുമാ വിഷ്ണുദാസ്സ് , ശ്രീകുമാർ പൂത്തുമല കൽപ്പറ്റ മനോജ്, അബു പൂക്കോട്, ശിവരാജ് ഉറവ്, എ.പി. ശ്രീകുമാർ , തോമസ്സ് അമ്പലവയൽ, എം. ഗംഗാധരൻ, ബാബു മൈലമ്പാടി, ബഷീർ ആനന്ദ് ജോൺ, എ.വി. മനോജ്, സുഹൈൽ കൽപ്പറ്റ, സി.എ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

