മണ്ണിടിച്ചിൽ ഭീഷണി: പുത്തൂരിൽ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു
text_fieldsപുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നു
തൃശൂർ: പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. കലക്ടറുടെ നിർദേശപ്രകാരമാണ് കുടുംബങ്ങളെ മാറ്റിയത്.
തഹസിൽദാർ ജയശ്രീ, ഡെപ്യൂട്ടി തഹസിൽദാർ ലിഷ, പുത്തൂർ വില്ലേജ് ഓഫിസർ മഹേശ്വരി, കൈനൂർ വില്ലേജ് ഓഫിസർ ദീപ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്, എസ്.ഐ അനുദാസ്, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടത്തിയത്.
സ്ഥലത്തുനിന്ന് ബന്ധു വീടുകളിലേക്കോ വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ വെട്ടുകാട് സെന്‍റ് ജോൺസ് അക്കാദമിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കോ രണ്ട് മണിക്കൂറിനകം മാറാനാണ് ജനങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനിടെ ചില വീട്ടുകാർ സ്ഥലത്തുനിന്ന് ഒഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് തർക്കത്തിന് ഇടയാക്കി.
തുടർന്ന് പൊലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കൂടാതെ കൈനൂർ കോക്കാത്ത് കോളനിയിലെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്തുനിന്ന് 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
സജ്ജമായി കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ: കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
വെള്ളക്കെട്ട് ഭീഷണി ഏറ്റവും കൂടുതൽ ബാധകമാകുന്ന എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ ക്യാമ്പ് സജ്ജീകരിക്കാൻ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ഏത് സമയത്തും ആരംഭിക്കാനുള്ള ഒരുക്കം നടത്തിയിട്ടുണ്ട്.
മഴയും മറ്റ് കാലവർഷക്കെടുതികളും മൂലമുണ്ടാകുന്ന ഏത് പ്രതിസന്ധിയും നേരിടുന്നതിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് തഹസിൽദാർ കെ രേവ പറഞ്ഞു. പൊലീസ്, അഗ്നിരക്ഷാസേന, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം തന്നെ അതീവ ജാഗരൂകരാണ്.
താലൂക്കിൽ ഇതുവരെയായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടപ്പുറം പുഴയിലും പുല്ലൂറ്റ് കനോലി കനാലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരുതോട്-വലിയതോടും നിറഞ്ഞ നിലയിലാണ്. വേലിയേറ്റ സമയങ്ങളിൽ കടലേറ്റമുണ്ടെങ്കിലും ശക്തമല്ലാത്തതിനാൽ വലിയ തോതിൽ വെള്ളം കയറിയിട്ടില്ല.
മുന്നൊരുക്കങ്ങളുമായി ചാവക്കാട്
ചാവക്കാട്: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കി ചാവക്കാട് നഗരസഭ. വെള്ളക്കെട്ട് സാധ്യതാ പ്രദേശങ്ങളായ വഞ്ചിക്കടവ്, പരപ്പിൽതാഴം, തെക്കുഞ്ചേരി എന്നിവിടങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
അടിയന്തരമായി ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട ആവശ്യം വന്നാൽ താമസിപ്പിക്കാൻ മണത്തല ഗവൺമെന്‍റ് സ്കൂളിൽ ക്യാമ്പ് ഒരുക്കിയിട്ടുണ്ടെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത് അറിയിച്ചു. കാലവർഷക്കെടുതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

