ഉരുൾദുരന്ത പുനരധിവാസം: അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാകാതെ സർക്കാർ
text_fieldsകല്പറ്റ: നൂറുകണക്കിന് ജീവനും ജീവിതസമ്പാദ്യവും ഉരുളെടുത്ത സമാനതകളില്ലാത്ത മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് 14 മാസം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള അന്തിമപട്ടിക പോലും പ്രസിദ്ധീകരിക്കാനാകാതെ സർക്കാർ. പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രിയുൾപ്പെടെയുള്ളവർ വാഗ്ദാനം ചെയ്ത് മാസങ്ങളായിട്ടും നിർദിഷ്ട ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞില്ല. ഏപ്രില്‍ 20ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു ജില്ല കലക്ടര്‍ അറിയിച്ചിരുന്നത്. തീയതി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും പട്ടിക എന്ന് പ്രസിദ്ധീകരിക്കാനാകുമെന്ന് പറയാൻപോലും കഴിയാത്തത് സർക്കാറിനെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വീടിന്റേത് ഉൾപ്പെടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ആർക്കൊക്കെയാണ് വീട് ലഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമാകാത്തത് ദുരന്തബാധിതരെ ആശങ്കയിലാക്കുകയാണ്. നിലവിൽ 451 പേരാണ് ഗുണഭോക്തൃ പട്ടികയിൽ ഇടംനേടിയത്. കഴിഞ്ഞ മാസം 49 പേരെക്കൂടി ഉൾപ്പെടുത്തിയതോടെയാണ് പട്ടികയിൽ ഇത്രയുംപേർ ഇടംപിടിച്ചത്. എന്നാൽ, അർഹരായ 173 ദുരന്തബാധിതരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്താനുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി അടക്കമുള്ളവർ പറയുന്നത്. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെന്ന് 104 കുടുംബങ്ങൾ സത്യവാങ്മൂലം നൽകിയതോടെ പട്ടിക 347 ആയി ചുരുങ്ങി.
അതേസമയം, 410 വീടുകളാണ് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്നത്. അര്‍ഹരായ പലരും പട്ടികയില്‍നിന്ന് പുറത്തായതോടെ ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും അദാലത് നടത്തുകയും ചെയ്തിരുന്നു. അർഹരായിട്ടും പട്ടികയിൽനിന്ന് പുറത്തായവരെ പുതുതായി ചേര്‍ക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാറിന് ശിപാര്‍ശ നല്കി. മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പാടികള്‍ എന്ന് പരാമര്‍ശിക്കാത്തതിനാൽ പട്ടികയിൽനിന്ന് എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും പുറത്താണ്.
പരാതികൾ നിരവധി
നിലവിലുള്ള പട്ടികയെക്കുറിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനർഹരെ പട്ടികയിൽ തിരുകിക്കയറ്റി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നത്. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. നിരവധി അനർഹർ പട്ടികയിൽ കടന്നുകൂടിയപ്പോൾ അർഹർക്ക് ഇടം ലഭിച്ചില്ല. വർഷങ്ങൾക്കുമുമ്പ് ദുരന്തമേഖലയിൽ താമസിച്ചിരുന്നവർപോലും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. റേഷൻ കാർഡ് മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുമ്പോൾ ഒരേ റേഷൻകാർഡിലുള്ള രണ്ടുപേർക്ക് രണ്ടു വീടുകൾ ലഭിച്ചു. എട്ടുപേരുള്ള ഒരു കുടുംബത്തിനാകട്ടെ രണ്ടുമുറിയുള്ള ഒറ്റവീടാണ് അനുവദിച്ചത്.
അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയിൽ 12 പേരും അനർഹരാണെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. അർഹരല്ലെന്ന് ഉദ്യോഗസ്ഥർതന്നെ കണ്ടെത്തിയിട്ടും ആറുപേർ പുതിയ പട്ടികയിൽ കടന്നുകൂടിയതിന് പിന്നിൽ സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എസ്റ്റേറ്റ് പാടികളിൽ താമസിച്ചിരുന്നവർ ഉൾപ്പെടെ 173 ദുരന്തബാധിത കുടുംബങ്ങൾക്ക് പട്ടികയിൽ ഇടംനേടാനായിട്ടില്ല. ഇവരിൽ നിരവധി കുടുംബങ്ങൾ സർക്കാറിന്റെ ദിനബത്തയും വാടകയും വാങ്ങുന്നവരായിട്ടും പരിഗണിച്ചില്ലെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

