അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു, രണ്ടുപേർ കുടുങ്ങികിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി എട്ടുമുറിക്ക് സമീപം മണ്ണിടിച്ചിൽ. അടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവം. മൂന്ന് വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്.
ഒരുകുടുംബത്തിലെ രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇവർ വീടിന്റെ ഹാളിലാണുള്ളത്. ലക്ഷംവീട് നിവാസികളായ ബിജുവും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊതുപ്രവർത്തകർ ബിജുവുമായി ഫോണിൽ സംസാരിച്ചു. ഇവരെ പുറത്തുകൊണ്ടുവരാനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ജെ.സി.ബി ഉള്‍പ്പെടെ ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കുടുങ്ങിയവർ അപകടാവസ്ഥയിൽ അല്ല എന്നാണ് സൂചന. അവർക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഉദ്യോഗസ്ഥരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. വീടിന് ചുറ്റും മണ്ണ് വീണതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. വീടിനടുത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്.
ശനിയാഴ്ച പകൽ ഉന്നതി കോളനിക്ക് മുകൾഭാഗത്ത് വലിയവിള്ളൽ രൂപപ്പെട്ടിരുന്നു. ഈ വിള്ളലിന് സമീപത്താണ് വൈകീട്ടോടെ വലിയരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. 22 കുടുംബങ്ങളെ നേരത്തെ തന്നെ അടിമാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

