തൃശൂർ അകമലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം താറുമാറായി
text_fieldsവടക്കാഞ്ചേരി: കനത്തമഴയിൽ ഷൊർണൂരിൽ നിന്ന് തൃശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി, മുള്ളൂർക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിഞ്ഞുവീണത് റെയിൽവേ ഉദ്യോഗസ്ഥർ കണ്ടതിനെ തുടർന്ന് വൻ അപകടം ഒഴിവായി. ഉടൻ വണ്ടികൾ സ്റ്റേഷനിൽ നിർത്താൻ അറിയിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഷൊർണൂർ- തൃശൂർ റൂട്ടിൽ മൂന്ന് മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
പാലരുവി-കോട്ടയം എക്സ്പ്രസ്, എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയവയാണ് പിടിച്ചിട്ടത്. മണ്ണുനീക്കിയതിനെ തുടർന്ന് എട്ടുമണിയോടെ ട്രെയിനുകൾ ഓടിത്തുടങ്ങി. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്ത് എത്തിയിരുന്നു.
തൃശൂരിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണിടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

