Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
cancel

കണ്ണൂർ/മാനന്തവാടി: കണ്ണൂർ-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ പാൽച്ചുരത്തിൽ (കൊട്ടിയൂർ-മാനന്തവാടി റോഡ്) മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

ശക്തമായ മഴയെ തുടർന്ന് റോഡിന്റെ വശങ്ങൾ ഒലിച്ചുപോകുകയും വലിയ കുഴികളും ചാലുകളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ ടാറിങ് തകർന്ന് വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളവും മണ്ണും കല്ലുകളും റോഡിലൂടെ കുത്തിയൊഴുകുന്നത് വാഹന യാത്ര ദുഷ്കരമാക്കി. റോഡ് തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് കടന്നുപോകുന്നത്.

ഇത് ചുരത്തിൽ വലിയ വാഹനക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കാറുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് കുഴികളിലും ചളിക്കെട്ടുകളിലും താഴ്ന്നുപോകാൻ സാധ്യതയുണ്ട്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അത്യാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശിച്ചു. യാത്രക്കാർ നെടുംപൊയിൽ ചുരം വഴി പോകണമെന്ന് അധികൃതർ അഭ്യർഥിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരം വഴി കടത്തിവിടുന്നില്ല. ലക്കിടിയിൽ പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യക്കാരല്ലാത്തവരുടെ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. ചുരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിന് പൂർണ നിരോധനമുണ്ട്.

ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ നിലവിൽ കൂടത്തായി-കോടഞ്ചേരി വഴിയാണ് തിരിച്ചുവിടുന്നത്. ഇതിനാൽ തന്നെ ഈ റോഡുകളിൽ നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചരക്ക് ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ തുടങ്ങിയ വലിയ ഭാരവാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഈ റോഡ് ഉപയോഗിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത്തരം വലിയ വാഹനങ്ങൾ വീതികുറഞ്ഞ ഈ ബദൽ റോഡുകളിൽ കേടായാൽ ആംബുലൻസ് അടക്കമുള്ള അടിയന്തര സർവിസുകൾ പോലും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും.

വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ ജില്ലയിൽനിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവിസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മലയോര മേഖലകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത ഉയർന്നതോടെ പലയിടങ്ങളിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കനത്തതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Landslide in Palchuram; Traffic disrupted on Kottiyoor-Mananthavady road
Next Story