മറിയപ്പള്ളിയിൽ മണ്ണിടിഞ്ഞ് അപകടം; കൈകൊണ്ട് മണ്ണുനീക്കി ഷാജിയും കൂട്ടരും
text_fieldsമറിയപ്പള്ളിയിൽ മണ്ണിനടിയിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിയെ പുറത്തെടുക്കാനുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുടെ ശ്രമം
കോട്ടയം: മണ്ണിനടിയിലായ സുശാന്തിനെ രക്ഷിക്കാൻ ഷാജിക്കും മറ്റു തൊഴിലാളികൾക്കും ആയുധമായത് കൈകളായിരുന്നു.രണ്ടുകൈകൊണ്ട് അതിവേഗം തലക്ക് മുകളിലെയും മുഖത്തെയും മണ്ണുനീക്കി. കൈകളിലെ തൊലിപോയി ചോര പൊടിയുന്നുണ്ടായിരുന്നു.
അതൊന്നും നോക്കാൻ സമയമുണ്ടായിരുന്നില്ല. എങ്ങനെയും സുശാന്തിനെ പുറത്തെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. തൂമ്പയടക്കം ആയുധങ്ങൾ മണ്ണിനടിയിലായിരുന്നു. തൊഴിലാളികളല്ലാതെ ആരും ആ സമയത്തുണ്ടായിരുന്നില്ല.
മുഖത്തെ മണ്ണ് പൂർണമായി നീക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുകളിൽനിന്ന് രണ്ടാമതും വൻതോതിൽ മണ്ണിടിഞ്ഞ് സുശാന്തിനുമുകളിൽ വീണത്. ഇതോടെ അലറിവിളിച്ച് ഇവർ ഓടിമാറി. പിന്നീട് അടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. ഇതിനിടെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയത് ആശ്വാസമേകി.
ഷാജി
മതിൽ നിർമാണം തുടങ്ങാനാണ് വ്യാഴാഴ്ച രാവിലെ മേസ്തിരിമാരായ ഷാജിയും ബാബുവും എത്തിയത്. ജോയിയും സുശാന്തും മണ്ണെടുത്ത് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപകടം.
മണ്ണ് ചട്ടിയിലാക്കി മുകളിലേക്കു നൽകുമ്പോൾ അപകടം സംഭവിച്ചതിനാലാണ് സുശാന്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് ഷാജി പറയുന്നു. നിൽക്കുന്ന രൂപത്തിലാണ് സുശാന്ത് മണ്ണിനടിയിൽ കുടുങ്ങിയത്. മണ്ണെടുക്കാൻ നിൽക്കുമ്പോഴായിരുന്നു സംഭവമെങ്കിൽ ദുരന്തത്തിൽ അവസാനിച്ചേനെയെന്നും ഷാജി ഞെട്ടലോടെ ഓർക്കുന്നു.
മുഖ്യമന്ത്രിയുടെ അഭിനന്ദനം
കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ മണ്ണിനടിയിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളിയെ രക്ഷിച്ച എല്ലാവരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഗ്നിരക്ഷാസേനക്കും പൊലീസിനും നാട്ടുകാർക്കും അദ്ദേഹം ഫേസ്ബുക്കിൽ അഭിനന്ദനം അറിയിച്ചു. അഗ്നിരക്ഷാസേന മേധാവി ഡോ. ബി. സന്ധ്യയും സേന അംഗങ്ങളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

