ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
text_fieldsഇടുക്കി: ശക്തമായ മഴയിൽ ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി. പേതൊട്ടിയിലും ചതുരംഗ പാറയിലും ഉരുൾപൊട്ടി. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നും നാലു കി.മീ അകലെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി (55) ആണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണ് വീണതോടെ ഭിത്തി തകർന്നാണ് അപകടം.
ഉരുൾപൊട്ടലിനെ തുടർന്ന് ആറുകുടുംബങ്ങളെയാണ് മേഖലയിൽനിന്നും മാറ്റിപ്പാർപ്പിച്ചു. 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വ്യാപക കൃഷിനാശവും ഇവിടെ ഉണ്ടായിട്ടുണ്ട്.
റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. തുടർന്ന്, കൂടുതൽ കുടുംബങ്ങളെ മേഖലയിൽനിന്ന് മാറ്റിത്താമസിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കും.
ഇന്നലെ രാത്രി ഏഴ് മുതൽ കനത്ത മഴയായിരുന്നു പ്രദേശത്ത്. മരം വീണതിനെ തുടർന്ന് പൂപ്പാറയിലും മൂന്നാർ കുമളി റോഡിലും ഗതാഗതം തടസ്സപ്പെട്ടു. കള്ളിപ്പാറയിൽ മണ്ണ്മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.