Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവ നാരായണ പ്രസ്ഥാനവും...

നവ നാരായണ പ്രസ്ഥാനവും സ്വയംഭരണവും

text_fields
bookmark_border
നവ നാരായണ പ്രസ്ഥാനവും സ്വയംഭരണവും
cancel

നാരായണന്‍ നായര്‍ ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുസമ്മതന്‍. ‘നാരായണന്‍ നായര്‍ സാര്‍’ എന്നതില്‍ കുറഞ്ഞ് ആരും വിളിക്കാറില്ല. ഏതു നേതാവിന്‍െറ കത്തിനും വിലകല്‍പിക്കും. സര്‍വ പ്രസ്ഥാനങ്ങളിലും ആഴത്തില്‍ വേരുകള്‍. സാമുദായിക സംഘടന നേതാക്കള്‍ക്കുപോലും ലഭിക്കാത്ത അധികാരപദവി.  അതുമുഴുവന്‍ കൈവന്നതാകട്ടെ 1966ല്‍ തിരുവിതാംകൂര്‍ കൊച്ചി ലിറ്റററി സയന്‍റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള ലോ അക്കാദമി വഴിയും.

അടുത്ത കാലംവരെ വിവാദങ്ങളൊന്നുമില്ലാതിരുന്ന അക്കാദമിയില്‍നിന്ന് അധികാര ദുര്‍വിനിയോഗത്തിന്‍െറ കഥകള്‍ പുറത്തുവന്നതോടെ അപ്രതീക്ഷിത പ്രത്യാഘാതങ്ങളാണ് സ്ഥാപനത്തിന് നേരിടേണ്ടിവന്നത്. സമരം ചൂടുപിടിച്ചു വരവെ ലോ അക്കാദമി ഭൂമി ആരുടേതെന്ന ചോദ്യവുമുയര്‍ന്നു. തൊട്ടുപിന്നാലെ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പരാതി നല്‍കി. ഭൂമിപതിവും അതിന്‍െറ ദുരുപയോഗവും ട്രസ്റ്റിന്‍െറ ഘടനയും പരിശോധിക്കണമെന്നായിരുന്നു ആവശ്യം. അപ്പോഴും റവന്യൂമന്ത്രി പറഞ്ഞത് ഭൂപതിവ് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ളെന്നായിരുന്നു. ഒടുവില്‍ കേരളം കേട്ടത് ഭൂമി സംബന്ധിച്ച് വ്യക്തമായ രേഖകളൊന്നുമില്ലാതെ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നാണ്.

ഗവര്‍ണര്‍ രക്ഷാധികാരിയും, മുഖ്യമന്ത്രിയും റവന്യൂ-വിദ്യാഭ്യാസ മന്ത്രിമാരും ജഡ്ജിമാരും അംഗങ്ങളുമായ ട്രസ്റ്റായാണ് ലോ അക്കാദമി നിലവില്‍ വന്നത്. എന്നാല്‍, ഇന്ന് അവരാരും ട്രസ്റ്റില്‍ ഇല്ല. കാരണം, നിയമാവലി അനുസരിച്ച് ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം.അപ്പോള്‍ പഴയവരെല്ലാം പുറത്താവും. നാരായണന്‍ നായര്‍ ജില്ല രജിസ്ട്രാറിന് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത് പുതിയ നിയമാവലിയാണ്. പഴയ നിയമാവലി എത്ര തവണ ഭേദഗതിവരുത്തിയിട്ടുണ്ടെന്നും ആര്‍ക്കും അറിയില്ല. രജിസ്ട്രാര്‍ ഓഫിസുകളില്‍ ചാരിറ്റബിള്‍ സൊസൈറ്റി സംബന്ധിച്ച ഫയലുകളൊന്നും അടുക്കും ചിട്ടയോടുംകൂടി സൂക്ഷിച്ചുവെക്കാറില്ളെന്നാണ് രജിസ്ട്രാര്‍ പറയുന്നത്. അതില്‍നിന്ന് 1966ലെ നിയമാവലിയോ അതിനുശേഷം നടന്ന ഭേദഗതികളോ കിട്ടാനിടയില്ല. നിയമാവലിയനുസരിച്ച് വേണ്ട ഭരണസമിതി അംഗങ്ങളെ നാരായണന്‍ നായര്‍ നിരത്തിയിട്ടുമുണ്ട്.

1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നാരായണന്‍ നായര്‍ സി.പി.ഐയിലും  അനിയന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സി.പി.എമ്മിലുമായി നിലയുറപ്പിക്കുകയായിരുന്നു. സഖാക്കള്‍ക്കുവേണ്ടി എന്തും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു എം.എന്‍. ഗോവിന്ദന്‍ നായര്‍. 1968ല്‍ ലോ അക്കാദമിക്കായി ഭൂമി ചൂണ്ടിക്കാണിച്ചപ്പോള്‍ ഉടന്‍ പാട്ടത്തിന് നല്‍കി. എന്നാല്‍, ഭൂമിദാനത്തെപ്പറ്റി നിയമസഭയില്‍ അവ്യക്തമായ മറുപടിയാണ് എം.എന്‍. ഗോവിന്ദന്‍ നായര്‍ നല്‍കിയത്. പിന്നീടൊരിക്കലും ലോ അക്കാദമിയെക്കുറിച്ച് ആരും നിയമസഭയില്‍ ചോദ്യമുന്നയിച്ചില്ല. 1985ല്‍ കെ. കരുണാകരന്‍െറ കാലത്ത് ഭൂമി പതിച്ചുനല്‍കിയിട്ടും വിവാദമുണ്ടായില്ല.

എല്ലാ പാര്‍ട്ടി നേതാക്കളും നാരായണന്‍ നായര്‍ക്ക് മുന്നില്‍ കുമ്പിട്ടുനിന്നു. അദ്ദേഹം കേരള സര്‍വകലാശാലയെ അടക്കിഭരിച്ചു. പാര്‍ട്ടിക്കും അതിന്‍െറ ഗുണം ലഭിച്ചു. നിയമനങ്ങളില്‍ വേണ്ടപ്പെട്ടവരെല്ലാം താക്കോല്‍ സ്ഥാനങ്ങളില്‍ കയറി. നിയമം നാരായണന്‍ നായര്‍ക്ക് മുന്നില്‍ കണ്ണടച്ചു. കേരളം മുഴുവന്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ സമരം നടന്നപ്പോള്‍ പാര്‍ട്ടി വേണ്ടപ്പെട്ടവരെ സംരക്ഷിച്ചു. ട്രസ്റ്റിന് പതിച്ചുകിട്ടിയ ഭൂമി നാരായണന്‍ നായരുടെ സ്വയംഭരണ പ്രദേശമായി മാറി.

1985ല്‍ കെ. കരുണാകരന്‍െറ കാലത്ത് മന്ത്രി പി.ജെ.ജോസഫ് ഭൂമി പതിവ് ഉത്തരവ് നല്‍കുമ്പോള്‍ നിരവധി വ്യവസ്ഥകളും നിബന്ധനകളുമുണ്ടായിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനേ വിനിയോഗിക്കാവൂ, ഭൂമി കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ല, ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ പണയപ്പെടുത്താനോ ഈടുവെക്കാനോ പാടില്ല, അനുവദിച്ച ആവശ്യത്തിന് സ്ഥലം വേണ്ടാതെ വന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ തിരികെ ഏല്‍പിക്കണം, അനധികൃത കൈയേറ്റങ്ങളില്‍നിന്ന് ഭൂമി സംരക്ഷിക്കണം എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍. ഇതില്‍ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കപ്പെട്ടാലോ  അടിയന്തര സാഹചര്യത്തിലോ ഉപാധിരഹിതമായി ചമയങ്ങളുള്‍പ്പെടെ സ്ഥലം സര്‍ക്കാറിന് തിരിച്ചുപിടിക്കാന്‍ വ്യവസ്ഥയുണ്ട്.

സമരം ശക്തിപ്പെട്ട സാഹചര്യത്തില്‍ തുടങ്ങിയ അന്വേഷണം 1985 മുതലുള്ള  രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോ അക്കാദമി ഭൂമി നാരായണന്‍ നായരുടെ കൈവശം തന്നെയിരിക്കും എന്നാണ് ഇതില്‍നിന്ന് ലഭിക്കുന്ന വിവരം. ഹോട്ടല്‍, സഹകരണബാങ്ക് ശാഖ, ക്വാര്‍ട്ടേഴ്സ് തുടങ്ങിയ വിദ്യാഭ്യാസേതര ആവശ്യത്തിന് ലോ അക്കാദമി ഭൂമി ഉപയോഗിച്ചെന്നാണ് പ്രധാനമായും ഉയര്‍ന്ന ആരോപണം. എന്നാല്‍, ഹോട്ടല്‍ കോളജ് കാന്‍റീനാണെന്നും സമാനമായി മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാന്‍റീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാരായണന്‍ നായര്‍ വാദിക്കുന്നു. ബാങ്ക് പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പണമിടപാട് നടത്താനാണ്.

അതും ചില കോളജുകളില്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍ ഭൂപതിവ് വ്യവസ്ഥയില്‍ ഗുരുതരമായ നിയമലംഘനം നടത്തിയെന്ന ആരോപണം തെളിയിച്ചെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതേസമയം, വ്യവസ്ഥകളെല്ലാം പാലിച്ചാണ് ലോ അക്കാദമി ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് നല്‍കാനും തഹസില്‍ദാര്‍ക്ക് കഴിയില്ല. വ്യവസ്ഥ ലംഘിച്ചതിന് പിഴ ചുമത്തുകയോ വിദ്യാഭ്യാസ ഇതര ആവശ്യത്തിന് ദുരുപയോഗം ചെയ്തെന്ന് കണ്ടത്തെിയാല്‍ ചില സ്ഥാപനങ്ങള്‍ അവിടെനിന്ന് മാറ്റുകയോ ചെയ്യാന്‍ വ്യവസ്ഥയുണ്ട്. അതുപോലും ലോ അക്കാദമിയുടെ കാര്യത്തില്‍ സംഭവിക്കാനുള്ള വിദൂരസാധ്യതപോലുമില്ല.

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law academy
News Summary - Land for vote
Next Story