Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിശ്ശികയുണ്ടോ, ഭൂമി...

കുടിശ്ശികയുണ്ടോ, ഭൂമി പതിച്ചുകിട്ടും

text_fields
bookmark_border
കുടിശ്ശികയുണ്ടോ, ഭൂമി പതിച്ചുകിട്ടും
cancel

ദാനം കിട്ടുന്ന  ഭൂമി  ഉപപാട്ടത്തിനു നല്‍കാന്‍ പാടില്ളെന്നാണ് വ്യവസ്ഥ. എന്നാല്‍, ദാനം കിട്ടുന്നതുവരെ മാത്രം പാലിക്കാനുള്ളതാണ് ആ വ്യവസ്ഥയെന്നാണ് പല ഭൂദാനങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക. ഇനി സര്‍ക്കാറാകട്ടെ പരസ്യമായ നിയമലംഘനം അറിഞ്ഞാലും കണ്ടില്ളെന്നു നടിക്കും. ഭൂമി വാങ്ങിയവര്‍ അത്രയും ശക്തരാണെന്നു മാത്രമല്ല, അവരെ തൊട്ടുകളിച്ചാല്‍ ചില മണ്ഡലങ്ങളിലെങ്കിലും കാര്യമായ വോട്ടുചോര്‍ച്ചക്ക് സാധ്യതയുണ്ടെന്ന  ഭീതിയാണ് രാഷ്ട്രീയക്കാരെ വേട്ടയാടുന്നത്.  സര്‍ക്കാര്‍ ഭൂമി അനുവദിച്ചുകിട്ടിയ ചില കോളജുകള്‍  അവരുടെ കാമ്പസിലെ  കെട്ടിടവും മറ്റു സൗകര്യങ്ങളും മറ്റു സ്വാശ്രയ കോളജുകള്‍ക്കും ഇതര സംസ്ഥാന സര്‍വകലാശാലകള്‍ക്കും ഓഫ് കാമ്പസ് സെന്‍ററുകള്‍ തുടങ്ങാന്‍ നല്‍കുന്നുണ്ട്. ഇതും നിയമലംഘനമാണ്. കോടികളുടെ പാട്ടക്കുടിശ്ശിക ഈടാക്കാന്‍ ഒരു ഭാഗത്ത് റവന്യൂ വകുപ്പ് റിക്കവറി നടപടികള്‍ ശക്തിപ്പെടുത്തുന്ന വേളയില്‍തന്നെ അതേ ഭൂമി സര്‍ക്കാര്‍ നേരിട്ട് പതിച്ചുനല്‍കിയ സംഭവങ്ങളും നിരവധിയുണ്ട്.  

എന്‍.എസ്.എസിന്‍െറ കൊയ്ത്തുകാലം
ജനാധിപത്യത്തില്‍ ജാതി മേധാവിത്വം നിലനിര്‍ത്താന്‍ സവര്‍ണ സമുദായങ്ങള്‍ പല രീതിയില്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ആ ആധിപത്യത്തിന്‍െറ പ്രധാന തെളിവ് പ്രബല സമുദായങ്ങള്‍ക്ക് സ്വന്തമായി കിട്ടിയിട്ടുള്ള ഭൂമിയുടെ കണക്കുകൂടിയാണ്.  നായര്‍ സമുദായ സംഘടനയായ  എന്‍.എസ്.എസ് ഏക്കര്‍കണക്കിന് ഭൂമിയാണ് രാഷ്ട്രീയ സമ്മര്‍ദം ചെലുത്തി സര്‍ക്കാറില്‍നിന്ന് സ്വന്തമാക്കിയത്. നരേന്ദ്രന്‍ കമീഷന്‍ പാക്കേജ് നടപ്പാക്കുന്ന കാലത്ത് യു.ഡി.എഫ് സര്‍ക്കാറില്‍നിന്ന് കോടികളുടെ പാട്ടക്കുടിശ്ശിക ഇളവ് നേടാനും സംഘടനക്കായി.  2005ല്‍ തിരുവനന്തപുരം എം.ജി കോളജിന്‍െറ 42.96 ഏക്കര്‍ സ്ഥലം എന്‍.എസ്.എസിന് പതിച്ചുനല്‍കിയിരുന്നു.

107.96 കോടിയാണ് ഇതിന് മതിപ്പുവില കണക്കാക്കിയത്. 39 കോടി രൂപയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്തു. നിറമണ്‍കര എന്‍.എസ്.എസ് കോളജ് സ്ഥിതിചെയ്യുന്ന 66 കോടി വിലവരുന്ന 25.6 ഏക്കര്‍ ഭൂമി സെന്‍റിന് 100 രൂപ വില നിശ്ചയിച്ച് പതിച്ചുനല്‍കുകയുമുണ്ടായി. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇക്കാലത്ത് വലിയ സമ്മര്‍ദശക്തിയായി നിലകൊണ്ടു. അതിന്‍െറ ഫലമായി തിരുവനന്തപുരം നഗരത്തിലെ വഞ്ചിയൂരില്‍ 71 സെന്‍റ് സ്ഥലം പാട്ടത്തിനും ഇടുക്കി മണക്കാട് വില്ളേജില്‍ ഒരേക്കര്‍ ഭൂമിയും ലഭിച്ചു.  തലസ്ഥാന നഗരിയിലെ കണ്ണായ പ്രദേശമാണ് വഞ്ചിയൂര്‍. ഒരു കോടിയിലേറെ പാട്ടക്കുടിശ്ശിക വരുത്തിയതുമൂലം തടഞ്ഞുവെച്ച 71 സെന്‍റ് സ്ഥലമാണ് അതൊഴിവാക്കി 2036 വരെ പഴയനിരക്കില്‍ പാട്ടത്തിന് നല്‍കിയത്. കലക്ടറുടെ റിപ്പോര്‍ട്ടുപോലും അവഗണിച്ചായിരുന്നു ഈ തീരുമാനം.

ഇടുക്കി മണക്കാടില്‍ എന്‍.എസ്.എസ് ഹൈസ്കൂളിന് 1963 മുതല്‍ കളിസ്ഥലത്തിനായി പാട്ടത്തിന് നല്‍കിയിരുന്ന 40.20 ആര്‍ (ഒരു ഏക്കര്‍) ഭൂമിയാണ് പാട്ടക്കുടിശ്ശിക ഒഴിവാക്കി സെന്‍റിന് 100 രൂപ ഈടാക്കി പതിച്ചുനല്‍കിയത്. 57,88,800 രൂപയുടെ പാട്ടക്കുടിശ്ശികയാണ് എന്‍.എസ്.എസ് മാനേജ്മെന്‍റ് ഈ ഭൂമിയില്‍ വരുത്തിയിരുന്നത്. 52.41 ആര്‍ ഭൂമി പതിച്ചുനല്‍കണമെന്നാണ് ജി. സുകുമാരന്‍ നായര്‍ സര്‍ക്കാറിനയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കലക്ടറുടെ പരിശോധനയില്‍ 40.20 ആര്‍ ഭൂമിയാണുള്ളതെന്ന് കണ്ടത്തെി. പാട്ടക്കുടിശ്ശിക തീര്‍ത്താല്‍ അപേക്ഷ പരിഗണിക്കാമെന്നും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, സര്‍ക്കാറിന്‍െറ വിവേചനാധികാരം ഉപയോഗിച്ച് പാട്ടക്കുടിശ്ശിക ഒഴിവാക്കി സെന്‍റിന് 100 രൂപ നിരക്കില്‍ വില ഈടാക്കി ഇതും പതിച്ചുനല്‍കുകയായിരുന്നു.

വെള്ളാപ്പള്ളിയുടെ മറുപടി
എന്‍.എസ്.എസിനെപ്പോലെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭൂമിക്കുവേണ്ടി രംഗത്തിറങ്ങി. രണ്ട് പ്രബല സമുദായങ്ങള്‍ക്കും ഭൂമി പതിച്ചുനല്‍കിയതുപോലെ യോഗത്തിനും ഭൂമി നല്‍കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. അങ്ങനെയാണ് വാഗമണ്‍ മുരുകന്‍മലയില്‍ 25 ഏക്കര്‍ ഭൂമി സൗജന്യമായി പതിച്ചുനല്‍കിയത്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുരിശുമല, അള്ളാപ്പാറ പ്രദേശങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങള്‍ക്കായി പതിച്ചുനല്‍കിയിട്ടുണ്ടെന്നും, അതിനാല്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആവശ്യപ്രകാരം ഇവിടെ ക്ഷേത്രസമുച്ചയം നിര്‍മിക്കുന്നതിന് 15 ഏക്കറും വിദ്യാഭ്യാസ  സാംസ്കാരികകേന്ദ്രം പണിയുന്നതിന് 10 ഏക്കറും പതിച്ചുനല്‍കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.  

2008ല്‍ യോഗം നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.  ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി എസ്എന്‍.ഡി.പി യോഗം മീനച്ചില്‍ യൂനിയന്‍െറ പേരിലും സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിനുള്ള ഭൂമി എസ്.എന്‍ ട്രസ്റ്റിനുമാണ് പതിച്ചുനല്‍കിയത്. മീനച്ചില്‍ താലൂക്കില്‍ നൂറുകണക്കിന് ഏക്കര്‍ വനഭൂമി ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക്  പതിച്ചുനല്‍കിയിട്ടുണ്ടെന്നും ഇതു ശ്രദ്ധയില്‍പെടുത്തിയാണ് തങ്ങളും സര്‍ക്കാറില്‍നിന്ന് ഭൂമി ആവശ്യപ്പെട്ടതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഭൂമിലഭിച്ചിട്ട് വര്‍ഷങ്ങളായി. ഇവിടെ സാംസ്കാരികകേന്ദ്രം നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. തര്‍ക്കമുണ്ടെങ്കില്‍ ഭൂമി തിരിച്ചുനല്‍കാം. ബാക്കിയുള്ളവരും കൊടുത്താല്‍ മതിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

അടൂര്‍ പ്രകാശിന്‍െറ ദാനം
തിരുവിതാംകൂര്‍ രാജാവിനേക്കാള്‍ പ്രജാവത്സലനായിരുന്നു മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഭൂമി അനുവദിക്കുന്നതില്‍ ഒരു പക്ഷപാതിത്വവും അദ്ദേഹം കാണിച്ചിട്ടില്ല. വോട്ടും സമുദായ സംഘടനകളും തമ്മിലുള്ള ബന്ധം അടൂരിനെപ്പോലെ മനസ്സിലാക്കിയവര്‍ വേറെയുണ്ടോയെന്ന് സംശയം തോന്നും  അദ്ദേഹത്തിന്‍െറ കാലഘട്ടത്തില്‍ നടന്ന ഭൂമി പതിച്ചുനല്‍കല്‍ കണ്ടാല്‍. ഈ കാലത്താണ് മെത്രാന്‍ കായല്‍ മുതല്‍ സന്തോഷ് മാധവന്‍െറ ഭൂമിവരെ വന്‍വിവാദമുയര്‍ത്തിയത്.

കോന്നി മണ്ഡലത്തിലെ ഭൂമിദാനം ഇപ്പോള്‍ ഉപസമിതി പരിശോധിച്ചുവരുകയാണ്. കോന്നിയില്‍ ക്രൈസ്തവ സഭകളാണ് വന്‍തോതില്‍ ഭൂമി കൈവശപ്പെടുത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍െറ കരുത്തില്‍ എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. 

ക്രിസ്ത്യന്‍ സഭകള്‍ക്കും എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നിവക്കുമായി 18 ഏക്കര്‍ 58 സെന്‍റാണ്  പതിച്ചുനല്‍കിയത്. കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന് തണ്ണിത്തോട് വില്ളേജില്‍ നാല് ഏക്കര്‍ 10 സെന്‍റ്, തണ്ണിത്തോട് സെന്‍റ് ആന്‍റണീസ് ഓര്‍ത്തഡോക്സ് പള്ളിക്ക് മൂന്ന് ഏക്കര്‍ 17 സെന്‍റ്, കരിമാന്‍തോട് മലങ്കര കത്തോലിക്ക പള്ളിക്ക് ഒരേക്കര്‍, മണ്ണീറ മലങ്കര കത്തോലിക്ക പള്ളിക്ക് നാല് ഏക്കര്‍, സെന്‍റ് തോമസ് സ്കൂളിന് 26 സെന്‍റ്, എലിക്കോട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്ക് ഒരേക്കര്‍ 80 സെന്‍റ്, തണ്ണിത്തോട് ബഥേല്‍ മാര്‍ത്തോമ സഭക്ക് ഒരേക്കര്‍ 85 സെന്‍റ് വീതം നല്‍കി.

സഭകള്‍ക്കും സഭയുടെ കീഴിലെ സ്ഥാപനങ്ങള്‍ക്കുംകൂടി മൊത്തം 16 ഏക്കര്‍ 18 സെന്‍റാണ് പതിച്ചുനല്‍കിയത്. എസ്.എന്‍.ഡി.പിയുടെ രണ്ടു ശാഖകള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി സ്ഥലം നല്‍കിയത്. 1182ാം നമ്പര്‍ ശാഖക്ക് നാലര സെന്‍റ്, 1421ാം നമ്പര്‍ ശാഖക്ക് ഒരു ഏക്കര്‍ ഒരു സെന്‍റ് എന്നിങ്ങനെ വീതിച്ചു. എന്‍.എസ്.എസിനെയും ഒഴിവാക്കിയില്ല. കുറുംബുകര എന്‍.എസ്.എസ് കരയോഗത്തിന് ഒന്‍പതര സെന്‍റാണ് സൗജന്യമായി ലഭിച്ചത്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപത്തുള്ള വൈ.എം.സി.എ, മന്നം മെമ്മോറിയല്‍ നാഷനല്‍ ക്ളബ്, മുസ്ലിം അസോസിയേഷന്‍ എന്നിവര്‍ക്കും ഭൂമി നല്‍കി. വൈ.എം.സി.എ ഭൂമി രാജാവിന്‍െറ കാലത്ത് പാട്ടത്തിന് നല്‍കിയതാണെങ്കിലും റവന്യൂ വകുപ്പ് നിരവധി തവണ പാട്ടം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ്. 

വി.എസ് മുഖ്യമന്ത്രിയായപ്പോള്‍ ഭൂമി തിരിച്ചെടുത്ത് സെക്രട്ടേറിയറ്റിന്‍െറ അനക്സ് നിര്‍മിക്കണമെന്ന് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സാമുദായിക സമ്മര്‍ദത്താല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഈ ഉത്തരവുകളെല്ലാം ഉപസമിതിയുടെ പരിശോധനയിലാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ കാലഘട്ടത്തില്‍ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ഭൂമിദാനത്തെപ്പറ്റി അടൂര്‍ പ്രകാശ് പ്രതികരിച്ചത്. സംശുദ്ധ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളാനാണ് എന്നും ശ്രമിച്ചത്. തുടര്‍ന്നും ജനപക്ഷത്തുനിന്ന് നാടിനും ജനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
                                                  (തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vote
News Summary - land for vote
Next Story