കോഴിക്കോട് നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ; രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsകോഴിക്കോട്: നഗരത്തിൽ കെട്ടിട നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. മണ്ണിനടിയിൽ കുടുങ്ങിയ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തു മണിയോടെ ആനി ഹാൾ റോഡിൽ കോർപറേഷൻ ആയുർവേദ ആശുപത്രിക്ക് സമീപമാണ് അപകടം. ബംഗാൾ സ്വദേശി രാജേഷ് റോയ് (22), ദീപക് റോയ് (22) എന്നിവരെ മറ്റ് തൊഴിലാളികളും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരിൽ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാളെ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച റാം മോഹൻ റോഡിൽ സ്റ്റേഡിയം ജങ്ഷനു സമീപമുണ്ടായ അപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. റാം മോഹൻ റോഡിൽ സ്റ്റേഡിയം ജങ്ഷനു സമീപം 10 നിലകളുള്ള ഷോപ്പിങ് കം റെസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ അപകടമുണ്ടായത്. 25 അടിയിലേറെ താഴ്ചയിൽ മണ്ണെടുത്ത് ലിഫ്റ്റിന്റെ ഭാഗത്ത് കോൺക്രീറ്റ് പണിക്കായി പലകയടിച്ച് കമ്പി കെട്ടവെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ ബിഹാർ ബേഗുസെറായി ജില്ലയിലെ ജബ്ബാർ (35), കിസ്മത്ത് (30) എന്നിവർക്ക് ജീവൻ നഷ്ടമായി.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് നാല് തൊഴിലാളികളെ മറ്റു തൊഴിലാളികളും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിൽ നരഹത്യ കുറ്റം ചുമത്തി കസബ പൊലീസും ദുരന്തനിവാരണ അതോറിറ്റിയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടന്നുവരികയാണ് പുതിയ മണ്ണിടിച്ചിൽ ഇന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
