കണ്ണൂരിൽ ഉരുൾപൊട്ടൽ: വയനാട്-കൊട്ടിയൂർ ചുരം റോഡ് തകർന്നു
text_fieldsകേളകം: കണ്ണൂരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിൽ വ്യാപക ഉരുൾപൊട്ടൽ. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, വെണ്ടേക്കംചാൽ, കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യ മല, അമ്പായത്തോട്, ആറളം, ചതിരൂർ 110 കോളനി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊട്ടിയൂർ, ആറളം വനങ്ങളിലും ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണി, ബാവലി പുഴകൾ കരകവിഞ്ഞ് നൂറോളം വീടുകളിൽ വെള്ളം കയറി. ബാവലി പുഴയും, ചീങ്കണ്ണിപ്പുഴയും നൂറ് കണക്കിനാളുകളുടെ കൃഷിയിടങ്ങളിലൂടെയാണ് ഒഴുകന്നത്. കൊട്ടിയൂർ പാൽച്ചുരം താഴെ കോളനി, ചതിരൂർ 110 കോളനി, വിയറ്റ്നാം കോളനി എന്നിവിടങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

തോടുകൾ നിറഞ്ഞ് കവിഞ്ഞതോടെ കണിച്ചാർ ടൗൺ വെള്ളത്തിലായി. മലയോര ഹൈവെകളിലും വെള്ളം കവിഞ്ഞൊഴുകുന്നു. ചീങ്കണ്ണി പുഴ വെള്ളപ്പൊക്കത്തിൽ വളയഞ്ചാൽ തൂക്ക് പാലം ഒലിച്ച് പോയി. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സേനയുടെ സേവനം ലഭ്യമാക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം. എൽ.എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ഇരിട്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തഹസിൽദാർ ദിവാകരെൻറ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കി. ചീങ്കണ്ണിപ്പുഴ വെള്ളപ്പൊക്കത്തിൽ ആറളം, ആന മതിൽ, മുട്ടുമാറ്റി, വാളുമുക്ക് എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളപ്പൊക്കത്തിൽ പുഴയോരങ്ങളിലെ കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മണ്ണിടിച്ചിലിൽ കൊട്ടിയൂർ -വയനാട് ചുരം പാത വിവിധയിടങ്ങളിൽ തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. പാതയുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുണ്ടായി. വാഹനങ്ങൾ നിടുംപൊയിൽ ചുരം പാത വഴി തിരിച്ചുവിട്ടു. ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ച എടപ്പുഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
