ഉടമയറിയാതെ ഭൂമിതട്ടിപ്പ്; ആസൂത്രകർ ഒളിവിൽ, അറസ്റ്റിലായത് ഇടനിലക്കാർ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് പ്രവാസി വനിതയുടെ ഉടമസ്ഥതയിലുളള കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിറ്റ സംഭവത്തിൽ ആസൂത്രകർ ഒളിവിൽ. ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് കവടിയാർ ജവഹർ നഗറിർ 10 മുറികള്ളുള്ള വീടും 14 സെൻറ് വസ്തുവുമാമാണുണ്ടായിരുന്നത്. ഈ ഭൂമി നോക്കിനടത്താൻ ബന്ധുവിനെ ഡോറ ഏൽപിച്ചിരുന്നു. ഭൂമിയുടെ കരമടക്കാൻ ഇയാൾ വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് ഭൂമി മാറ്റിയെന്ന വിവരമറിയുന്നത്. ഇയാൾ നൽകിയ പരാതിയിൽ കഴിഞ്ഞയാഴ്ച പ്രവാസി സ്ത്രീയുടെ വളർത്തുമകൾ ചമഞ്ഞ് വ്യാജരേഖയുണ്ടാക്കിയ മെറിൻ, ഡോറയായി ആൾമാറാട്ടം നടത്തിയ വസന്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തനിക്ക് വളർത്തുമകളില്ലെന്നും അടുത്തിടെ നാട്ടിലെത്തിയിരുന്നില്ലെന്നും ഡോറ മ്യൂസിയം പൊലീസിനെ രേഖമൂലം അറിയിച്ചതോടെയാണ് തട്ടിപ്പിലേക്ക് അന്വേഷണം നീണ്ടത്. വ്യാജമായി ആധാരവും ആധാർകാർഡും നിർമിച്ച ശേഷം ഡോറയുമായി രൂപ സാദൃശ്യമുള്ള വസന്തയെ എത്തിച്ച് ആൾമാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. റജിസ്ട്രാർ ഓഫിസിലെ രേഖകൾ, വിരലടയാളം എന്നിവയുടെ പരിശോധന വഴിയാണ് പ്രതികളെ കണ്ടെത്തിയത്.
ശാസ്തമംഗലം റജിസ്ട്രാർ ഓഫിസിൽ ഡോറയായി എത്തി പ്രമാണ റജിസ്ട്രേഷൻ നടത്തി മെറിന് വസ്തു കൈമാറിയത് വസന്തയാണ്. ഡോറയോട് മുഖസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയത് തട്ടിപ്പിന് പിന്നിലെ സംഘമാണ്. അന്വേഷത്തിൽ ഇഷ്ടദാനത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് പൊലിസ് കണ്ടെത്തി.
അറസ്റ്റിലായ രണ്ട് പേരും ഇടനിലക്കാരാണെന്നും രണ്ടുപേരെയും പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പിൽ പങ്കാളികളാക്കിയതാണെന്നുമാണ് പൊലീസ് കരുതുന്നത്. രാഷ്ട്രീയ പ്രവർത്തകർ ഉള്പ്പെടുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ മെറിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

