ഭൂപതിവ് നിയമം; ഭേദഗതിക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര മേഖലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ണായക തീരുമാനമാണിത്. നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി വിജ്ഞാപനം ചെയ്യുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടു ചട്ടങ്ങളാണ് പ്രധാനമായും കൊണ്ടുവരുന്നത്.
പതിച്ചുകിട്ടിയ ഭൂമിയില്‍ ഇതുവരെയുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടമാണ് ഒന്ന്. കൃഷിക്കും ഗൃഹനിര്‍മാണത്തിനും മറ്റുമായി പതിച്ചുനല്‍കിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിന് അനുവദിക്കുന്ന ചട്ടമാണ് മറ്റൊന്ന്. മലയോര മേഖലയിൽ വീട് നിർമാണം, കൃഷി ഉൾപ്പെടെ ആവശ്യങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയുടെ ക്രമവിരുദ്ധ ഉപയോഗവും നിർമാണവും ക്രമവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ഭൂപതിവ് നിയമഭേദഗതി 2023 സെപ്റ്റംബര്‍ 14നാണ് നിയമസഭ പാസാക്കിയത്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണ് നടപ്പാക്കുന്നതെന്നും ഭൂമി കൈമാറ്റം എളുപ്പമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പതിച്ചുകിട്ടിയ ആളില്‍നിന്ന് ഭൂമി കൈമാറിക്കിട്ടിയ ആള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി. അപേക്ഷ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ നൽകാന് ഒരു വര്‍ഷം സമയം അനുവദിക്കും. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കും. പതിച്ചുനൽകിയ ഭൂമിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൊതുസ്ഥലങ്ങള്‍, ജീവനോപാധിക്കുള്ള 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ എന്നിവ കോമ്പൗണ്ടിങ് ഫീസ് ഈടാക്കാതെ ക്രമവല്‍ക്കരിക്കാം. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കിൽ ക്രമവത്കരിച്ചതായി കണക്കാക്കി (ഡീംഡ് പെര്മിഷൻ) ഉത്തരവ് ലഭിക്കും. ഇതിന് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷ നിരസിക്കാൻ പാടില്ല.
കൃഷി, അനുബന്ധ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ, മതപര, സാംസ്കാരിക, വിനോദ ആവശ്യങ്ങള്‍ക്കും സാമുദായിക സംഘടനകളുടെ ആവശ്യത്തിനും ഉപയോഗിച്ച കെട്ടിടങ്ങൾക്കും കോമ്പൗണ്ടിങ് ഫീസ് ഈടാക്കാതെ ക്രമവത്കരിച്ചു നൽകും. ആശുപത്രികള്‍, സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ ഭൂമിയും കെട്ടിടങ്ങളും കോമ്പൗണ്ടിങ് ഫീസ് ഈടാക്കാതെ ക്രമവല്‍ക്കരിക്കും. കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടം, ആരാധനാലയം, സർക്കാർ അംഗീകാരമുള്ള/ യൂനിവേഴ്സിറ്റി അഫിലിയേഷനുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സൗജന്യമായി ക്രമവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

