ഭൂപരിഷ്കരണ നിയമഭേദഗതിയിൽ എതിർപ്പുമായി സി.പി.ഐ
text_fieldsതിരുവനന്തപുരം: വ്യവസായികാവശ്യങ്ങൾക്കായി 15 ഏക്കറിൽ കൂടുതൽ ഭൂമി ആവശ്യമെങ്കിൽ കൈവശം വെക്കാനനുവദിക്കുന്നതരത്തിൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യത്തിൽ ഇടതുമുന്നണിയോഗത്തിൽ എതിർത്ത് പ്രകടിപ്പിച്ച് സി.പി.ഐ. ഇത് ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്തയെ അട്ടിമറിക്കുന്ന നിയമഭേദഗതിയാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ വാദിച്ചു.
ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് യോഗത്തിൽ സി.പി.ഐ പ്രകടിപ്പിച്ചത്. വ്യവസായ ആവശ്യത്തിനെന്ന വ്യാജേന അനധികൃതമായി പലരും 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശംവെക്കുന്ന സാഹചര്യം വരുന്നതോടെ നിയമംതന്നെ അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് യോഗത്തിൽ സി.പി.ഐ പ്രകടിപ്പിച്ചത്. പെട്ടെന്ന് ഈ വിഷയത്തിൽ തീരുമാനമെടുക്കരുതെന്നും വിശദമായ കൂടിയാലോചനകളും സൂക്ഷ്മതയും വേണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. ഭിന്നാഭിപ്രായമുയർന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ വിശദമായ പരിശോധനക്കായി മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് രാഷ്ട്രീയ വിഷയങ്ങളൊന്നും മുന്നണിയോഗം ചർച്ച ചെയ്തില്ലെന്നാണ് ലഭിക്കുന്ന വിവരം.