അട്ടപ്പാടിയിൽ ഭൂമാഫിയക്ക് ട്രസ്റ്റ് വേഷം
text_fieldsഅട്ടപ്പാടിയിലെ ഭൂമി തട്ടിപ്പിനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട്
കോഴിക്കോട്: അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഒരേ ഭൂമിക്ക് ഒന്നിലധികം ആധാരം നിർമിച്ചുവെന്ന ‘മാധ്യമം’ റിപ്പോർട്ട് ശരിവെച്ച് റവന്യൂ മന്ത്രി കെ. രാജൻ. അൻവർ സാദത്ത് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയവെയാണ് ആദിവാസി ഭൂമി തട്ടിപ്പിനെക്കുറിച്ച വാർത്ത ശരിയായിരുന്നുവെന്ന് മന്ത്രി സമ്മതിച്ചത്.
അട്ടപ്പാടിയിൽ പല വില്ലേജിലും ഒരേ സർവേ നമ്പറിലെ ഒരേ ഭൂമിക്ക് ഒന്നിലധികം വ്യാജ ആധാരങ്ങൾ നിർമിച്ചതായി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു; ഇതിന്റെ വിശദാംശങ്ങൾ ഫെബ്രുവരിയിൽ മാധ്യമം ആഴ്ചപ്പതിപ്പും പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽപെട്ട എം.എൽ.എ വിഷയം നിയമസഭയിൽ ചോദ്യമായി ഉന്നയിക്കുകയായിരുന്നു. ട്രൈബൽ താലൂക്കിലെ ഷോളയൂർ വില്ലേജിൽ സർവേ 1865/2 ൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചത് സംബന്ധിച്ച് സനാതന ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയും ജോയന്റ് സെക്രട്ടറിയുമായ കണ്ണൻ എന്നയാളും മുത്തുകുമാർ എന്നയാളും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അൻവാർ സാദത്തിന് മറുപടി നൽകി. ഇവരുടെ പരാതി അട്ടപ്പാടി ഭൂരേഖ തഹസിൽദാരുടെ ഫയലിൽ നടപടിയിൽ ഇരിക്കുകയാണ്. ഏതെല്ലാം ചാരിറ്റബിൾ സൊസൈറ്റികൾ തമ്മിലാണ് ഇക്കാര്യത്തിൽ തർക്കം ഉണ്ടായിരിക്കുന്നതെന്ന് വിവരം ശേഖരിച്ചു വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ചാരിറ്റബിൾ ട്രസ്റ്റുകൾക്കും ഫാമുകൾക്കും നികുതി അടച്ചു നൽകുന്നുണ്ട്. എന്നാൽ, നികുതി അടച്ചുവരുന്ന ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച വിവരം, ഭൂമിയുടെ പൊസിഷൻ സർട്ടിഫിക്കറ്റിന്റെയും നികുതി രസീതിന്റെയും പകർപ്പുകൾ ശേഖരിച്ചു വരുകയാണെന്നും അൻവർ സാദത്തിന് മറുപടി നൽകി. അതേസമയം, മന്ത്രി നിയമസഭയിൽ പറഞ്ഞ ഷോലയൂർ വില്ലേങ്കിൽ സർവേ 1865/2ലെ ഭൂമി മൂലഗംഗൽ ഊരിലേതാണെന്ന് ആദിവാസികൾ പറയുന്നു. മന്ത്രിയായിരുന്നപ്പോൾ തിരുവോണം ഉണ്ണാൻ എ.കെ. ബാലൻ എത്തിയത് മൂലഗംഗൽ ഊരിലായിരുന്നു. സർക്കാർ അനുവദിച്ച വീട് നിർമിച്ച് കാലങ്ങളായി ആദിവാസികൾ കൃഷി ചെയ്തും ജീവിക്കുന്ന ഈ ഭൂമിക്ക് വേറെയും ‘അവകാശികൾ’ ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ് മന്ത്രിയുടെ മറുപടിയിലൂടെ.
ചാരിറ്റബിൾ സൊസൈറ്റിയുടെയും മറ്റും പേരിൽ ആദിവാസി ഭൂമി കൈയടക്കപ്പെടുന്നത് എങ്ങനെയെന്ന അന്വേഷണമാണ് മാധ്യമം നടത്തിയത്. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത് ഭരണകൂട ഒത്താശയോടെ നടക്കുന്ന ഭൂമി തട്ടിപ്പിന്റെ തെളിവുകളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രസ്തുത റിപ്പോർട്ടിൽ സനാതന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാര്യം പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ 5000 ഏക്കർ ഭൂമിക്കെങ്കിലും വ്യാജ ആധാരം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ആദിവാസികൾ വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

