അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം: മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ആദിവാസികൾ
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ആദിവാസികൾ രംഗത്ത്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആദിവാസികൾ നൽകിയ പരാതിന്മേൽ വിവിധ വകുപ്പുകൾ അന്വേഷണം നടത്തുന്നുണ്ട്. അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുവെന്നാണ് ആദിവാസികളുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന് താലൂക്ക് തഹസിൽദാർക്ക് നിവേദനം നൽകി.
മുഖ്യമന്ത്രിക്ക് നിൽകിയ പരാതിയിന്മേൽ പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്. ബാബു 2024 ഒക്ടോബർ 19, 20,21 തീയതികളിൽ അട്ടപ്പാടി സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റവന്യൂ, വനം, പട്ടികവർഗം, നിയമം, തദ്ദേശ സ്വയം ഭരണം, ആഭ്യന്തരം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാർ ഉൾപ്പെട്ട ഉന്നതതല സംഘം അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് അന്വേഷിക്കണം എന്നാണ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ടിലെ പ്രധാന ശിപാർശ. ആദിവാസി ഭൂമി സംരക്ഷിക്കാൻ ഈ റിപ്പോർട്ടിലെ ശുപാർശ സർക്കാർ നടപ്പിലാക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെടുന്നത്.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റുമായി ബന്ധപ്പെട്ട് സർക്കാരിൽ നിരവധി പരാതികൾ നൽകി. അതിനൊന്നും പരിഹാരം കാണാൻ അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. നഞ്ചിയമ്മയുടെ കുടുംബഭൂമിക്ക് ആധാരം ചമക്കുന്നതിനായി കോടതിയിൽ ഹാജരാക്കിയത് വ്യാജനികുതി രസീതാണെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ മറുപടി നൽകി. മധ്യമേഖല റവന്യൂ വിജിലൻസ് വിഭാഗവും ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞിട്ടും റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടി എടുത്തിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
1999 ലെ ആദി നിയമപ്രകാരം ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമി നൽകിയിട്ടില്ല. പട്ടയം നൽകിയ ഭൂമിയിൽ വൻതോതിൽ കൈയേറ്റം നടക്കുകയാണ്. നൂറ്റാണ്ടുകളായി ആദിവാസികൾ കൃഷി ചെയ്യുന്ന ഭൂമി റീസർവേ കഴിഞ്ഞപ്പോൾ വ്യാജരേഖയുണ്ടാക്കിയവർ സ്വന്തമാക്കി. ഓന്തൻ മലയിലെ നിരവധി ആദിവാസി കുടുംബങ്ങളെ ഇത് ബാധിച്ചു.
അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ പട്ടയം ആദിവാസികൾക്ക് നൽകണമെന്ന് ആവശ്യവും നടപ്പാക്കുന്നില്ല. അതേസമയം, ഫാമിലെ കൃഷിഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് കൊടുക്കാനാണ് സൊസൈറ്റി അധികൃതർ ശ്രമിച്ചത്.
ടി.എൽ.എ ഉത്തരവുകൾ നടപ്പിൽ വരുത്താതെ കാലതാമസം വരുത്തി ഭൂമിയിൽ മറ്റുള്ളവർക്ക് കൈമാറ്റം നടത്താൻ ഒത്താശ ചെയ്യുകയാണ് റവന്യൂ അധികാരികൾ. സെറ്റിൽമെൻറ് രജിസ്റ്റിൽ പേരുണ്ടെങ്കിലും അതിൻറെ അടിസ്ഥാനത്തിലുള്ള സംരക്ഷണം ആദിവാസികൾക്ക് ലഭിക്കുന്നില്ല. വ്യാജ രേഖകൾക്ക് അംഗീകാരം നൽകുന്ന സ്ഥിതിയാണ് അട്ടപ്പാടിയിൽ നിലവിലുള്ളത്. അതിനാൽ അട്ടപ്പാടിയിലെ ഭൂമികൈയേറ്റം നിയമസഭ ചർച്ച ചെയ്യണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു.
ടി.ആർ. ചന്ദ്രൻ, അട്ടപ്പാടി സുകുമാരൻ, വെള്ളകുളം പാപ്പ, വരഗംപാടി ശിവകാമി, വെള്ളകുളം വെള്ളിങ്കിരി തുടങ്ങി 25 ഓളം പേരാണ് തഹസിൽദാർക്ക് നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

