അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം: കുലുക്കൂരിലെ ആദിവാസി കുടുംബം അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകി
text_fieldsകൈയേറാൻ ശ്രമിക്കുന്ന ഭൂമിയിൽ ആദിവാസികൾ കെട്ടിയ കുടിൽ
കോഴിക്കോട് : അട്ടപ്പാടിയിലെ കുലുക്കൂരിലെ ആദിവാസി കുടുംബം അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകി. കുലുക്കൂരിൽ താമസിക്കുന്ന ചാത്തിമൂപ്പത്തിയുടെ മകൾ ലക്ഷമി, മകൻ രാമൻ, ചെറുകമൾ ദിവ്യ എന്നിവരാണ് പരാതി നൽകിയത്. ഷോളയൂർ- ആനക്കെട്ടി റോഡിനോട് മരപ്പാലത്തുള്ള കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 523/1 ലെ ഭൂമിയാണ് ഭൂമിയാണ് കൈയേറാൻ ശ്രമിക്കുന്നതെന്ന് പരാതി നൽകിയ ലക്ഷി മാധ്യമം ഓൺലൈനോട് പറഞ്ഞു.
പരാതി പ്രകാരം ആദിവാസി കുടുംബം മുത്തച്ഛന്റെ കാലം മുതൽ കൃഷി ചെയ്‌ത് ജീവിക്കുന്ന ഭൂമിയാണിത്. ലക്ഷ്മിയുടെ അമ്മ ചാത്തി മൂപ്പത്തി പാരമ്പര്യ വൈദ്യത്തിനാവശ്യമായ മരുന്നുചെടികൾ നട്ടുവളർത്തി ചികിൽസ നടത്തിയാണ് ജീവിച്ചത്. പച്ചമരുന്നുകൾ നട്ടുവളർത്തിയ ഈ സ്ഥലത്ത് കടന്നുകയറി ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ എന്ന സ്ഥലത്ത് താമസിക്കുന്ന രാമൻകുട്ടി വാര്യർ എന്നയാൾ 25 ലധികം കരുവേലം മരങ്ങളും, മുളകളും, എലുക്ക്, നായ്വള മരം, തുളസി തുടങ്ങിയവയെല്ലാം വെട്ടി നശിപ്പിച്ചു. രാത്രിയാണ് മരങ്ങൾ വെട്ടി നശിപ്പിച്ചത്. ഊരിലെ വീടുകളിലാണ് ഇപ്പോൾ രാത്രി താമസിക്കുന്നത്. ചാത്തി മൂപ്പത്തി ഉണ്ടായിരുന്ന കാലത്ത് സ്ഥലത്തുതന്നെ ഉണ്ടായിരുന്ന വീട്ടിൽ താമസിക്കുകയായിരുന്നു.
മുത്തച്ഛനിൽ നിന്നും നാല് ഏക്കർ ഭൂമി വിലക്ക് വാങ്ങിയാതായും, പിന്നീട് രാജേശ്വരി എന്നവരുടെ പേരിൽ മൂന്ന് ഏക്കർ വില്ലേജ് രേഖകളിൽ രേഖപ്പെടുത്തിയതായും 1.90 ഏക്കർ ഭൂമിക്ക് കോടതിവിധി ഉണ്ടെന്നും രാമൻകുട്ടി വൈദ്യർ അവകാശപ്പെടുന്നു. തോന്നിയപോലെ ഭൂരേഖകളുണ്ടാക്കി ആദിവാസി ഭൂമി തട്ടിപ്പ് നടത്തുകയാണ് വാര്യരും മറ്റുകച്ചവടക്കാരും അട്ടപ്പാടിയിൽ ചെയ്യുന്നത്. വാര്യർ പറയുന്ന ഭൂമി എവിടെയാണെന്ന് ആദിവാസികൾക്കറിയില്ല. പൊലീസിന്റെയും മറ്റും സഹായത്തോടെ ആദിവാസി ഭൂമി തട്ടിയെടുക്കാനാണ് വാര്യർ ശ്രമിക്കുന്നത്.
അതിനാൽ, ആദിവാസികളുടെ സ്ഥലത്തെ മരുന്നു മരങ്ങൾ വെട്ടിനശിപ്പിച്ച രാമൻക്കുട്ടി വാര്യർക്കെതിരെ നടപടി എടുക്കണമെന്നും രേഖകൾ പരിശോധിച്ച്, ആദിവാസി ഭൂമി സംരക്ഷിക്കുന്ന നിയമം അനുസരിച്ച് കൈയേറ്റം തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

