ഭൂരഹിതരായ പട്ടികജാതിക്കാർക്ക് ഭൂമി: ക്രമക്കേടിൽ നടപടി
text_fieldsകോഴിക്കോട് : ഭൂരഹിതരായ പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങുന്ന പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനും ഗുണഭോക്താവിനുമെതിരെ നടപടി. തിരുവനന്തപുരം വെള്ളനാട് പട്ടികജാതി ഓഫീസ് വഴി 2010 മുതൽ 2016 വരെയുള്ള കാലയളവിൽ ഭൂരഹിതരായ പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതി നടത്തിപ്പിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പദ്ധതിയിലെ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണം നടത്തിയിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഭൂരഹിത ഭവന രഹിത ധനസഹായ പദ്ധതി പ്രകാരം ബിന്ദു, ജയമതി, സുധ, പൊന്നമ്മ എന്നിവർക്കാണ് ഭൂമി അനുവദിച്ചത്. ഈ ഭൂമി വാസയോഗ്യമാണോയെന്നും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും വിജിലൻസ് പരിശോധിച്ചു.
2010 മുതൽ 2016 വരെ വെള്ളനാട് പട്ടികജാതി ഓഫീസറുടെ ചുമതല വഹിച്ചിരുന്ന നിഷാദ്, എസ്.ആർ. സച്ചിൻദാസ്, ആർ.സത്യൻ എന്നിവർക്കെതിരെ വകുപ്പുതല നടപടികൾക്ക് വിജിലൻസ് ശിപാർശ ചെയ്തിരുന്നു. അനുവദിച്ച ഭൂമി വാസയോഗ്യമാണോയെന്ന വിഷയത്തിൽ സ്ഥല പരിശോധന നടത്തി വകുപ്പ് അഡീഷണൽ സെക്രട്ടറി ജൂൺ രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഗുണഭോക്താക്കളിൽ ഒരാളായ ജയമതിക്ക് ഭൂമി അനുവദിച്ച വിഷയത്തിൽ വെള്ളനാട് എസ്.സി ഓഫീസറുടെ ചുമതല വഹിച്ചിരുന്ന എസ്.ആർ സച്ചിൻദാസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ വ്യക്തമായി. ജയമതി മകളുടെ ഭർത്താവിന്റെ പേരിൽ എഴുതികൊടുത്ത വസ്തുവാണ് ഭൂരഹിത പുന:രധിവാസ പദ്ധതി പ്രകാരം സ്വന്തം പേരിലേക്ക് എഴുതി വാങ്ങി തുക കൈപറ്റിതെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഗുണഭോക്താവിന്റെ മകളുടെ പേര് കാർഡിൽ ഇല്ലായിരുന്നതിനാൽ മകളുടെ വസ്തുവാണെന്ന് അറിയില്ലായിരുന്നുവെന്ന ഓഫിസർ നൽകിയ മറുപടി. അത് അംഗീകരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഓഫീസറുടെ ചുമതല വഹിച്ചിരുന്ന സച്ചിൻദാസിന്റെ ഇൻക്രിമെന്റ് രണ്ടു വർഷത്തേക്ക് തടഞ്ഞു.
വീട് വെക്കാൻ ഉദേശമില്ലാതെ ജയന്തി പട്ടികജാതി വകുപ്പിനെ കബളിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ, ജയമതി കൈപറ്റിയ തുക പലിശ ഒഴിവാക്കി തിരിച്ച് പിടിക്കുന്നതിന് പട്ടികജാതി വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.
ഗുണഭോക്താക്കളായ സുധ, പൊന്നമ്മ എന്നിവർക്ക് അനുവദിച്ച ഭൂമി വാസയോഗ്യമാണോയെന്നും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നതിൽ വെള്ളനാട് എസ്.സി. ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ആർ.സത്യന് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തി. വഴിയില്ലാത്ത വസ്തു ഭാവിയിൽ വഴി വരും എന്ന
സങ്കൽപത്തിൽ വാങ്ങി നൽകുകയാണ് ഓഫിസർ ചെയ്തത്. എന്നാൽ, സർവീസിൽ നിന്നും വിരമിച്ചതിനാൽ ആർ. സത്യനെതിരെയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചാണ് ഉത്തരവ്.
വേനൽ കാലം ആയതിനാൽ ഭൂമിയിൽ വെള്ളം കയറുന്ന വിഷയം അന്ന് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് ഗുണഭോക്താവായ ബിന്ദു അറിയിച്ചിരുന്നു. അതിനാൽ വെള്ളനാട് എസ്.സി ഓഫീസറുടെ ചുമതല വഹിച്ചിരുന്നതുമായ നിഷാദിനെതിരെയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

