ഭൂപരിധിയൽ ഇളവ് : ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോ പവർ കമ്പനിയുടെ അപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം : ചങ്ങനാശേരി ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോ പവർ ലിമറ്റഡ് കമ്പനിയുടെ ഭൂപരിധിയിൽ ഇളവ് നൽകണമെന്ന അപേക്ഷ റവന്യൂ വകുപ്പ് അപേക്ഷ തള്ളി. 1963 ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81(മൂന്ന്) പ്രകാരമാണ് 2017ൽ കമ്പനി അപേക്ഷ സമർപ്പിച്ചത്.
കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ നാട്ടകം, കുറിച്ചി വില്ലേജുകളിൽ ഉൾപ്പെട്ട 8.32 ഹെക്ടർ ഭൂമിക്കാണ് കമ്പനി പ്രൊജക്ട് പ്രൊപ്പോസൽ സമർപ്പിച്ചത്. റവന്യൂ വകുപ്പിന് ജില്ലതല സമിതി നൽകിയ റിപ്പോർട്ട് പ്രകാരം ഇത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും കാടു പിടിച്ച് നിലവിൽ പുരയിടത്തിന് സമാനമായിട്ടുള്ള ഭൂമിയാണ്.
രേഖകൾ പ്രകാരം ടെസിലിന്റെ പേരിലുള്ളതല്ല ഭൂമി. സ്ഥാപനത്തിന്റെ പേരിൽ കോട്ടയം താലൂക്ക് ലാൻഡ് ബോർഡിൽ മിച്ചഭൂമി കേസുമുണ്ട്. ഭൂമി സംബന്ധിച്ച് ഹൈകോടതിയിൽ നിലവിൽ കേസുള്ളതായും ജില്ല സമിതി റിപ്പോർട്ട് നൽകി. അതേസമയം പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച റിപ്പോർട്ട് കമ്പനി ഹാജരാക്കിയില്ല.
പൂർണമായും സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പദ്ധതി ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഉണർവുണ്ടാകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും പദ്ധതി റിപ്പോർട്ട് പ്രകാരം പൊതുതാല്പര്യം എത്രമാത്രമുണ്ടെന്ന് വിശകലനം ചെയ്യുവാൻ സാധിക്കുന്നില്ലെന്നും ജില്ലാ തല സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിലെ ടൂറിസം പ്രവർത്തനങ്ങളും മറ്റ് നിർമാണങ്ങളും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. നിക്ഷേപിച്ച തുകയും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും എന്നതിലുപരി പൊതുനന്മ നിർണയിക്കുന്നതിൽ ഇത്തരം ഘടകങ്ങൾ കൂടി കണക്കിലെടുക്കണം. അതിനാലാണ് ഭൂപരിധിയിൽ ഇളവ് ലഭിക്കുന്നതിനുള്ള കമ്പനിയുടെ അപേക്ഷ നിരസിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

