അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം: ആദിവാസികൾ കൂട്ടമായി തഹസിൽദാരെ കണ്ട് പരാതി നൽകി
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ അനധികൃത ഭൂമി കൈയേറ്റത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ കൂട്ടമായി തഹസിൽദാരെ കണ്ട് പരാതി നൽകി. വിവിധ ഊരുകളിൽ നിന്നെത്തിയ അറുപതിലധികം ആദിവാസികളാണ് നിവേദനം നൽകിയത്. ആദിവാസികൾക്കെതിരെ നടക്കുന്ന അനീതിയും അതിക്രമവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസികൾ അഗളി ട്രൈബൽ താലൂക്ക് ഓഫീസിലേക്ക് എത്തിയത്.
സെറ്റിൽമെന്റ് രജിസ്റ്ററും വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററും അട്ടിമറിച്ചാണ് ഭൂമി വിൽപ്പന നടത്തുന്നതെന്ന് ആദിവാസികൾ പരാതിയിൽ ചൂണ്ടിക്കാട്ടി. റവന്യൂ ഉദ്യോഗസ്ഥരാണ് ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നത്. അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം വ്യാപകമായി. ഭൂമി അന്യാധീനപ്പെട്ട(ടി.എൽ.എ) കേസ് നിലവിലുള്ള ഭൂമിയിൽപോലും കൈയേറ്റം നടക്കുന്നു.

ആദിവാസികൾക്ക് സർക്കാർ പട്ടയം നൽകിയ ഭൂമിയിലും സർക്കാർഭൂമികളിലും വ്യാപകമായ കൈയേറ്റമാണ് നടക്കുന്നത്. ഈ ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കിയാണ് വിൽപ്പന നടക്കുന്നത്. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തവർ ആദിവാസികളുടെ പുരാതന ക്ഷേത്രഭൂമികളും നീർച്ചാലുകളും നീരുറവകളും നശിപ്പിക്കുയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർച്ചാലുകൾ നികത്തി ഭൂമി വില്പന നടത്തുകയാണ്.
അട്ടപ്പാടിയിലെ സർക്കാർ ഉദ്യോഗസ്ഥർ ഭൂമാഫിയക്ക് ഒപ്പമാണ്. മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം, പോത്തുപാടി തുടങ്ങി നിരവധി ഊരുകളിൽ നിന്നാണ് അറുപധിലധികം ആദിവാസികൾ താലൂക്ക് ഓഫീസിലെത്തി. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഈശ്വരി രേശൻ, സുകുമാരൻ അട്ടപ്പാടി, ടി.ആർ ചന്ദ്രൻ, മുരുകൻ വട്ടലക്കി, സുരേഷ് പട്ടിമേളം, മല്ലീശ്വരി തുടങ്ങിയവർ ഭൂരേഖ തഹസിൽദാർ മോഹനനുമായി ചർച്ച നടത്തി. ആദിവാസി ഭൂമി കൈയേറ്റത്തിൽ തഹസിൽദാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

