സഭ ഭൂമി തർക്കം ഹൈകോടതി തീർപ്പാക്കെട്ടയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഭൂമി ഇടപാട് ആരോപണം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അന്വേഷണം റദ്ദാക്കിയതിനെതിരെ നല്കിയ ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു.
അന്വേഷണം സ്റ്റേ ചെയ്ത കേരള ഹൈകോടതിയുടെ നടപടി റദ്ദാക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസുമാരായ എ.കെ. ഗോയൽ, ആര്.എഫ്. നരിമാന് എന്നിവരുടെ ബെഞ്ച്, ഹൈകോടതി ഇക്കാര്യത്തില്‍ ആദ്യം തീര്പ്പുണ്ടാക്കട്ടെയെന്നു വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഹൈകോടതിയില്‍ ഉന്നയിക്കാനാവുമെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി സിംഗ്ള്‍ ബെഞ്ച് നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ മാര്ട്ടിന് പയ്യപ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ നല്കിയ ഹരജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും അതു തടഞ്ഞ ഡിവിഷന് ബെഞ്ച് നടപടി ലളിതകുമാരി, രാം ഫൗജി കേസുകളില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ ലംഘനമാണെന്നും ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും വി. ഗിരിയും വാദിച്ചു.
എന്നാൽ, ഏപ്രില്‍ മൂന്നിനു കേസ് ഡിവിഷന് ബെഞ്ച് പരിഗണിക്കാനിരിക്കുകയാണെന്നും ഹൈകോടതിയിൽ തീര്‍പ്പുണ്ടായശേഷം ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു.
ഹൈകോടതി സിംഗ്ള്‍ ബെഞ്ചിെൻറ ഉത്തരവില്‍ ഗുരുതരമായ പല കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷണ് വാദിച്ചതു പരിഗണിച്ച കോടതി, വിഷയങ്ങള്‍ ഹൈകോടതിയില്‍ ഉന്നയിക്കുന്നതാണ് ഉചിതമെന്നും അവിടെ വാദിക്കാന്‍ അവസരമുണ്ടെന്നും വ്യക്തമാക്കി.
ആവശ്യങ്ങള്‍ ഹൈകോടതി വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും രണ്ടംഗ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.