ഭൂമി തരംമാറ്റം: നടപടിക്രമങ്ങൾ ലളിതമാക്കും -മന്ത്രി കെ. രാജൻ
text_fieldsതൃശൂർ: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലളിതമാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ അന്ത:സത്ത ചോരാൻ അനുവദിക്കില്ലെന്നും സംസ്ഥാനതല ഭൂമി തരംമാറ്റ അദാലത്ത് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ആവശ്യമായി വന്നാൽ ചട്ടഭേദഗതി വരുത്തി നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭൂമി തരം മാറ്റൽ നടപടികളിൽ നിന്ന് ഏജൻറുമാരെ പൂർണമായും ഒഴിവാക്കും. അത്തരം അപേക്ഷകൾക്ക് മുൻഗണന നൽകേണ്ടതില്ലെന്നും ഏജൻറുമാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. അനധികൃത നിലം നികത്തലിനെതിരായി കർശന നടപടി സ്വീകരിക്കും.
അനധികൃതമായി നികത്തിയ നിലങ്ങളിലെ മണ്ണ് നീക്കം ചെയ്യാൻ സർക്കാരിന് സംവിധാനമില്ലാത്തതിനാൽ അത് ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ട്. അനധികൃത നികത്തൽ തടയാൻ ഏഴ് ജില്ലകൾക്കായി റിവോൾവിങ് ഫണ്ട് എന്ന നിലയിൽ 1.5 കോടി രൂപ ഇതിനകം കലക്ടർമാർക്ക് അനുവദിച്ചു. അനധികൃതമായി നികത്തിയ പാടം കൃഷിയോഗ്യമാക്കി നൽകാൻ ഉടമ തയാറാവാതെ വന്നാൽ ആ മണ്ണ് സർക്കാർ ചെലവിൽ എടുത്ത് മാറ്റുകയും അതിനായി ചെലവായ തുക ഉടമസ്ഥരിൽ നിന്ന് റവന്യൂ റിക്കവറി വഴി റിവോൾവിങ്ങ് ഫണ്ടിലേക്ക് ചേർക്കാനുമാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി 25 സെന്റ് വരെയുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളതുമായ ഫോറം ആറ് അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭൂമി തരംമാറ്റ അദാലത്തിന് തുടക്കം കുറിച്ചത്. നവംബർ 15 വരെയാണ് ജില്ലതല അദാലത്തുകൾ. റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യം അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, ലാന്റ് റവന്യൂ ജോയന്റ് കമീഷണർ കെ. മീര, സബ് കലക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കലക്ടർ സ്വാതി മോഹൻ റാത്തോഡ്, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ടി. മുരളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

