വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ : ഭരണ-പ്രതിപക്ഷങ്ങൾ എസ്റ്റേറ്റ് ഉടമകൾക്ക് ഒപ്പമോ?
text_fieldsകോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ എസ്റ്റേറ്റ് ഉടമകൾക്ക് ഒപ്പമെന്നാണ് രാഷ്ടീയ നേതാക്കളുടെ വാക്കുകൾ നൽകുന്ന സൂചന. ഭൂപരിഷ്കരണ നിയമം പാസാക്കിയ കേരളത്തിൽ 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാൻ ആർക്കും അവകാശമില്ല.
തോട്ടം ഭൂമിക്ക് നിയമത്തിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ വിദേശ കമ്പകൾ താലൂക്ക് ലാൻഡ് ബോർഡിൽ വ്യാജ ആധാരങ്ങൾ സമർപ്പിച്ചാണ് പാട്ടഭൂമി സ്വന്തമാക്കിയതെന്ന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം വരെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ട്.
1947 നു മുമ്പ് നാട്ടുരാജാക്കന്മാരും മറ്റും ബ്രിട്ടീഷ് കമ്പനികൾക്കും വ്യക്തികൾക്കും പാട്ടത്തിന് നൽകിയ ഭൂമി വിൽക്കാനുള്ള അവകാശം തോട്ട ഉടമകൾക്കില്ല. ഹാരിസൺസ് മലയാളം കമ്പനി ചെറുവള്ളി എസ്റ്റേറ്റ് വൽപ്പന നടത്തിയത് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്. ഹരിസൺസ് കേസിൽ സർക്കാർ ഭൂവുടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കാനായിരുന്നു ഹൈകോടതി ഉത്തരവിട്ടത്.
അത് പ്രകാരം 2019 ൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 1947ന് മുമ്പ് വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന ഭൂമിയിന്മേൽ സർക്കാരിൻറെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവിൽ കോടതിയിൽ കേസ് നൽകാൻ ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സിവിൽ കേസുകൾ നൽകി. എന്നാൽ, വയനാട് കളക്ടർ സിവിൽ കോടതിയിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിരുന്നില്ല.
തോട്ടം ഉടമകളുടെ സമ്മർദത്തെ തുടർന്നാണ് വയനാട്ടിൽ സിവിൽ കോടതിയിൽ കേസ് നൽകാതിരിന്നതെന്ന് ആക്ഷേപമുണ്ട്. സർക്കാർ നിയമ നടപടി തുരുന്നതിനിടയിലാണ് വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. വയനാട്ടിൽ പുനരധിവാസത്തിന് വാസയോഗ്യമായ ഭൂമി എസ്റ്റേറ്റുകളിലാണുള്ളത്. അതിനാലാണ് രണ്ട് എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന വിഷയത്തിലും ഇതേ വിവാദം ഉണ്ടായി. പൊന്നും വിലക്ക് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായപ്പോൾ സർക്കാർ ഭൂമി സർക്കാർ വിലകൊടുത്ത് എടുക്കേണ്ടതില്ലെന്നായിരുന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഫയലിൽ കുറിച്ചത്. റവന്യൂ വകുപ്പിന്റെ ഈ നിലപാട് വയനാട്ടിൽ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും വ്യക്തമാണ്. വയനാട്ടിലെ രണ്ട് എസ്റ്റേറ്റുകൾക്കും എതിരെ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിജയമാണ്.
വയനാട് കലക്ടർ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. കലക്ടർക്ക് കീഴിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം തോട്ടം ഉടമകൾക്ക് ഒപ്പമാണെന്ന ആരോപണം ശരിവെക്കുകയാണ് ഈ അനാസ്ഥ. റവന്യൂ വകുപ്പ് ഇടപെട്ടതോടെയാണ് എസ്റ്റേറ്റുകൾ കൈവശം വച്ചതായി ആരോപിക്കപ്പെടുന്ന ഭൂമി തിരിച്ചുപിടിക്കാൻ സബ് കോടതിയിൽ ഹരജി നൽകിയത്. ഹാരിസൺസ് മലയാളം പ്ലാൻറേഷൻറെ കൈവശമുള്ള നെന്മേനി വില്ലേജിലെ 491.72 ഏക്കറും വൈത്തിരി താലൂക്കിലെ മുട്ടിൽ സൗത്ത് വില്ലേജിലെ ചെമ്പ്ര പീക്ക് എസ്റ്റേറ്റിലെ 392.89 ഏക്കറും തിരിച്ചുപിടിക്കാനാണ് വയനാട് കലക്ടർ സിവിൽ കോടതിയിൽ കേസ് നൽകിയത്.
ഭൂമിയുടെ പാട്ടക്കരാറിൻറെ കാലാവധി 1947 ൽ കഴിഞ്ഞു. കേരള സർക്കാർ ഈ കമ്പനികൾക്ക് ഭൂമി പാട്ടത്തിന് നൽകിയിട്ടില്ല. തോട്ടം ഉടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമ നിർമാണത്തിലൂടെ ഏറ്റെടുക്കാമെന്ന എം.ജി രാജമാണിക്യത്തിന്റെ റിപ്പോർട്ട് നടപ്പാക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും താൽപര്യമില്ല. അതേസമയം റവന്യൂ വകുപ്പ് ഹാരിസൺ മലയാളം ലിമിറ്റഡ് (ഒ.എസ് 153/2024), ചെമ്പ്ര പീക്ക് എസ്റ്റേറ്റ് (ഒ.എസ്.157/2024) എന്നിവയ്‌ക്കെതിരെ സബ് കോടതിയിൽ കേസുകൾ ഫയൽ ചെയ്തു. ഈ കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ അഡീഷണൽ ഗവൺമെൻറ് പ്ലീഡർമാരായ അഡ്വ. ജോർജ് സെബാസ്റ്റ്യൻ, അഡ്വ. അഭിലാഷ് ജോസഫ് എന്നിവരെയും നിയോഗിച്ചു.
എന്നിട്ടും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നത് എസ്റ്റേറ്റ് ഉടമകളുമായി സമവായത്തിന് സർക്കാർ തയാറാകണമെന്നാണ്. സി.പി.എം നേതാക്കളാകട്ടെ ഭൂമി പൊന്നും വില നൽകി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചാണ് സംസാരിക്കുന്നത്. മുൻ മുഖ്യമന്ത്രി സി. അച്യൂതമേനോൻ ഭൂപരിഷ്കരണം നിയമം നടപ്പാക്കിയപ്പോൾ സർക്കാരിൽ നിക്ഷിപ്തമാകേണ്ട ഭൂമിയാണിത്. ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളിലൂടെയാണ് ഭൂമി തോട്ടം ഉടമകളുടെ കൈവശമെത്തിയത്. ഇക്കാര്യത്തിൽ സർക്കാർ ഭൂമി സർക്കാർ വിലകൊടുത്ത് വാങ്ങരുതെന്ന റവന്യൂ സെക്രട്ടറിയുടെ വാക്കുകളാണ് കേരളം കേൾക്കേണ്ടത്. വയനാട്ടിൽ തോട്ടം ഉടമകൾക്ക് സർക്കാർ കീഴടങ്ങിയാൽ രാജമാണിക്യം പരിശോധനയിൽ കണ്ടെത്തിയ മൂന്നരലക്ഷം ഏക്കർ ഭൂമിയാണ് കേരളത്തിന് നഷ്ടപ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.