കപ്പൽ നിർമാണശാലയുടെ മറവിൽ തീരദേശ ഹൈവേ അട്ടിമറിച്ചു; പൊന്നാനിയിൽ ഹൈവേ പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ തയാറായവർ നെട്ടോട്ടത്തിൽ
text_fieldsപൊന്നാനി: കപ്പൽ നിർമാണശാലയുടെ പേരിൽ പൊന്നാനി-പടിഞ്ഞാറേക്കര സസ്പെൻഷൻ പാലം പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ അട്ടിമറിച്ചതോടെ തീരദേശ ഹൈവേ പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ തയാറായ കുടുംബങ്ങൾ ദുരിതത്തിൽ. ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലെത്തി നഷ്ടപരിഹാരത്തുക കൈമാറാനുള്ള ഒരുക്കം പൂർത്തിയായിരിക്കെയാണ് കഴിഞ്ഞ ജനുവരിയിൽ നടപടി താൽക്കാലികമായി നിർത്തിവെക്കാൻ മുൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഭൂമിയും വീടും വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച നൂറുകണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.
പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മോഡൽ സസ്പെൻഷൻ പാലം നിർമിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായാണ് പൊന്നാനി, പടിഞ്ഞാറേക്കര മേഖലകളിൽ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയും നഷ്ടപരിഹാരം നൽകാനുള്ള നടപടി അന്തിമഘട്ടത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൊന്നാനിയിൽ കപ്പൽ നിർമാണശാല വരുന്നതിനാൽ പാലത്തിന്റെ അലൈൻമെന്റിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഭൂമിയേറ്റെടുക്കൽ നടപടി നിർത്തിവെക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ റിക്വിസിഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടത്.
ജനുവരി 22ന് അവസാനഘട്ട ഹിയറിങ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഈ ഹിയറിങ്ങിൽ ഭൂമിയുടെയും കെട്ടിടങ്ങളുടെയും രേഖകൾ പൂർണമായി പരിശോധിച്ച് നഷ്ടപരിഹാരത്തുക കൈമാറാനായിരുന്നു പദ്ധതി. ഇതിനായി കിഫ്ബി 38 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാര വിതരണത്തിന് ആവശ്യമായ തുക ലഭ്യമായിട്ടും നടപടി നിർത്തിവെച്ചത് ഭൂമി വിട്ടുനൽകാൻ തയാറായവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്
ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയുന്നില്ല
തീരദേശ ഹൈവേ പദ്ധതിക്കായി പൊന്നാനി, പടിഞ്ഞാറേക്കര ഭാഗങ്ങളിൽനിന്നായി 214 കുടുംബങ്ങളാണ് ഭൂമിയും കെട്ടിടങ്ങളും വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിരുന്നത്. ഇവരിൽ പൊന്നാനി കോടതിപ്പടി മുതൽ ആശുപത്രിപ്പടി വരെയുള്ള ഭാഗത്ത് 13 കുടുംബങ്ങളുടെ വീടും ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ട്.
പദ്ധതിക്കായി ഭൂമി വിട്ടുനൽകാമെന്ന് അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തതോടെ ഈ കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയിൽ സ്വതന്ത്രമായി ഇടപാടുകൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഭൂമി വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനോ വീട് വിൽക്കാനോ കഴിയാതെ കുടുംബങ്ങൾ നെട്ടോട്ടമോടുകയാണ്. പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ തയാറായവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ പുതിയ വീടോ സ്ഥലമോ വാങ്ങുന്നതിനുള്ള സാമ്പത്തിക ആസൂത്രണവും പ്രതിസന്ധിയിലായി.
38 കോടി അനുവദിച്ചിട്ടും നടപടികൾ നിലച്ചു
പാലം പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനായി കിഫ്ബി 38 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമിയും വീടും മറ്റു കെട്ടിടങ്ങളും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാണ് തുക വകയിരുത്തിയത്. ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു.
കപ്പൽ നിർമാണശാലക്കായി ഭൂമി കണ്ടെത്തുന്നതും അതിന്റെ പേരിൽ തീരദേശ ഹൈവേ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ തടസ്സപ്പെടുന്നതും തമ്മിലുള്ള ബന്ധത്തിൽ വ്യക്തത വരുത്തണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെടുന്നു. നടപ്പാക്കാൻ കഴിയാത്ത പദ്ധതിയുടെ പേരിൽ നിലവിലുള്ള വികസനപദ്ധതി തടസ്സപ്പെടുത്തിയെന്ന ആരോപണവും ശക്തമാണ്.
പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിൽ
പൊന്നാനിയുടെ ഗതാഗത വികസനത്തിലും തീരദേശ ഹൈവേയുടെ തുടർച്ചയിലും നിർണായകമാകേണ്ട പദ്ധതിയാണ് ഇപ്പോൾ ഭൂമിയേറ്റെടുക്കൽ നടപടികൾ നിലച്ചതോടെ അനിശ്ചിതത്വത്തിലായത്. പാലം നിർമാണത്തിനായി ഭൂമി വിട്ടുനൽകാൻ തയാറായ കുടുംബങ്ങൾ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുമ്പോൾ പദ്ധതി പുനരാരംഭിക്കുന്നതിൽ വ്യക്തമായ തീരുമാനമില്ലാത്തത് പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കപ്പൽ നിർമാണശാലയുടെ പേരിൽ തീരദേശ ഹൈവേ പദ്ധതി അട്ടിമറിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പൊതുജനരോഷവും ശക്തമാകുകയാണ്. ഭൂമിയേറ്റെടുക്കൽ നടപടികൾ പുനരാരംഭിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും പദ്ധതിയുടെ ഭാവി സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

