ന്യായവിലയുടെ പകുതിയടച്ചാൽ 2008നു മുമ്പ് നികത്തിയ വയൽ കരഭൂമിയാക്കും
text_fieldsതിരുവനന്തപുരം: ന്യായവിലയുടെ പകുതി അടച്ചാൽ 2008നു മുമ്പ് നികത്തിയ വയലുകൾ കരഭൂമിയായി ക്രമപ്പെടുത്തി നൽകുന്നത് നെൽവയൽ, തണ്ണീർത്തട നിയമത്തിലെ (2008) ഭേദഗതിയിൽ സർക്കാർ ഉൾപ്പെടുത്തി. ഗവർണർ അംഗീകരിച്ച ഓർഡിനൻസ് നിലവിൽവന്നു. നിയമഭേദഗതി െഗസറ്റ് വിജ്ഞാപനം ഉടൻ ഇറങ്ങും. പൊതു ആവശ്യത്തിനായി വയൽ നികത്തുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയിട്ടുണ്ട്. പൊതു ആവശ്യത്തിനെങ്കിൽ ജില്ലാതല സമിതിയുടെയും സംസ്ഥാനതല സമിതിയുടെയും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാറിന് വയൽ നികത്താൻ അനുമതി നൽകാം.
അത്യന്താപേക്ഷിത സാഹചര്യമാണെങ്കിൽ പൊതു ആവശ്യത്തിന് നിയമം നോക്കാതെ വയൽ നികത്തുന്നതിന് സർക്കാറിന് അനുമതി നൽകാമെന്നാണ് ഭേദഗതി. ഇതിനായി പൊതു ആവശ്യമെന്താണെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. ന്യായവിലയുടെ 50 ശതമാനം അടച്ചാൽ അടിസ്ഥാന റവന്യൂ രേഖയായ ബേസിക് ടാക്സ് രജിസ്റ്ററിൽ (ബി.ടി.ആർ) മാറ്റംവരുത്തും. നികത്തിയ സ്ഥലം 50 സെൻറിൽ കൂടുതലുണ്ടെങ്കിൽ അതിെൻറ 10 ശതമാനം ജലസംരക്ഷണത്തിനായി മാറ്റിവെക്കണം. വീട് വെക്കുന്നതിന് മറ്റ് സ്ഥലമില്ലാത്തവർക്ക് അഞ്ചു സെൻറ് മണ്ണിട്ടുനികത്താൻ ജില്ലതല സമിതി അനുമതി നൽകും.
അഞ്ച് സെൻറിൽ കൂടുതൽ ഇതിനായി ശിപാർശ ചെയ്യരുത്. തരിശായിക്കിടക്കുന്ന വയലുകളിൽ കൃഷിയിറക്കണമെന്ന് പ്രാദേശികസമിതിക്ക് ഉടമസ്ഥനോട് നിർദേശിക്കാം. കൃഷിയിറക്കിയില്ലെങ്കിൽ ആർ.ഡി.ഒക്ക് ഇടപെടാം. പരമാവധി രണ്ടുവർഷത്തേക്ക് കൃഷിചെയ്യാൻ ഈ സ്ഥലം ആർ.ഡി.ഒക്ക് ലേലത്തിൽ നൽകാം. ഇതിൽനിന്ന് കൃഷിയിറക്കുന്നവർക്കുള്ള 10 ശതമാനം തുകയും നികുതിയും കിഴിച്ച് ബാക്കി തുക സ്ഥലമുടമക്ക് നൽകും. സർക്കാറിൽ സമ്മർദം ചെലുത്തി വൻകിടക്കാർ കൂടുതൽ ഭൂമി നികത്തിയെടുക്കാൻ ഭേദഗതി വഴിവെക്കുമെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
