‘അനന്തു എനിക്ക് മകനെപ്പോലെ, നല്ല വാത്സല്യമുണ്ട്, ആ കുട്ടി ബലിയാടായി; കേസിനുപിന്നിൽ ദുഷ്ടബുദ്ധികൾ’ -സ്കൂട്ടർ തട്ടിപ്പ് കേസ് പ്രതിയെ ന്യായീകരിച്ച് ലാലി വിൻസെന്റ്
text_fieldsകോഴിക്കോട്: പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന പേരിൽ സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേരിൽനിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്ണനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവും കൂട്ടുപ്രതിയുമായ അഡ്വ. ലാലി വിൻസെന്റ്. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ആ കുട്ടിയെ ബലിയാടാക്കിയതാണെന്നും കേസിന് പിന്നിൽ ദുഷ്ടബുദ്ധികളും രാഷ്ട്രീയ പകപോക്കലാണെന്നും അവർ ആരോപിച്ചു.
‘വക്കീൽ എന്ന നിലയിൽ ഞാൻ കരാറുകൾ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിട്ടുണ്ട്. വലിയ വലിയ കമ്പനികളുമായി ചർച്ച നടത്തുമ്പോൾ ലീഗൽ അഡ്വൈസർ എന്ന നിലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അനന്തു തയാറാക്കിയ എഗ്രിമെന്റുകൾ പലതും ഞാൻ ഡ്രാഫ്റ്റ് ചെയ്തതാണ്. അതിന് എനിക്ക് വക്കീൽ ഫീസ് തന്നിട്ടുണ്ട്. സത്യത്തിൽ എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് അറിയില്ല. രാഷ്ട്രീയ പ്രതികാരം ആയിരിക്കാം. അല്ലെങ്കിൽ അനന്തുവുമായി സംസാരിച്ച് ഞാൻ അനന്തുവിനെ രക്ഷിച്ചേക്കാം എന്നത് കൊണ്ടാകാം. എന്തായാലും ഇതിന് പിന്നിൽ പ്രബലരായ ദുഷ്ടബുദ്ധികൾ ഉണ്ട്’ -ലാലി പറഞ്ഞു.
സി.എസ്.ആർ ഫണ്ട് കൊടുക്കും എന്ന് പറഞ്ഞവർ പിൻമാറിയതാണ് പ്രശ്നത്തിന് കാരണമെന്നും അവർ പറഞ്ഞു. 18,000 ബൈക്കും 35000 ലാപ്ടോപ്പും ഏഴരക്കോടിക്ക് ഭക്ഷ്യകിറ്റും കൊടുത്തതായും ലാലി പറഞ്ഞു.
സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടറും തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. എൻ.ജി.ഒകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. കണ്ണൂർ ജില്ലയിൽ മാത്രം 2000ത്തിലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനെ ഏഴാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ലീഗല്‍ അഡ്വൈസറാണ് ലാലി വിന്‍സന്റ. എല്ലാ ബ്ലോക്ക് തലത്തിലുമാണ് സൊസൈറ്റികള്‍ രൂപീകരിച്ചത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. വുമൺ ഓൺ വീൽസ് എന്നു പേരിട്ട പദ്ധതിയിൽ ചേർന്ന് നിരവധി പേരാണ് വഞ്ചിതരായത്. പകുതി പണം അടച്ചാൽ 45 ദിവസത്തിനകം വാഹനം കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വാഹനം ലഭിക്കാത്തതിനെ തുടർന്ന് സ്ത്രീകൾ പരാതി നൽകുകയായിരുന്നു. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്.
ഇതിൽ ആദ്യം ചിലർക്ക് ഉൽപന്നങ്ങൾ ലഭിച്ചിരുന്നു. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പ്രതി അനന്തുകൃഷ്ണൻ 350 കോടി രൂപയിലേറെ സമാഹരിച്ചതായാണ് കണ്ടെത്തൽ. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം ഇയാൾ 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തി. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ചായിരുന്നു ഇയാൾ വിശ്വാസ്യത നേടിയെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.