ആദിവാസി ഉൗരിലെത്തിയ പത്മശ്രീ
text_fieldsവിതുര: നാട്ടുവൈദ്യത്തിലൂടെ രോഗാതുരർക്ക് ആശ്വാസം പകരുകയും കാട്ടുചന്തം നിറഞ്ഞ കവിതകളിലൂടെ സഹൃദയരുമായി സംവദിക്കുകയും ചെയ്യുന്ന ലക്ഷ്മിക്കുട്ടിയമ്മക്ക് (74) പത്മശ്രീ പുരസ്കാരം. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ വനമേഖലയിലെ കല്ലാർ മൊട്ടമൂട് എന്ന സ്ഥലത്തെ ആദിവാസി ഉൗരിലാണ് ലക്ഷ്മിക്കുട്ടിയുടെ താമസം. വിഷ ചികിത്സാരംഗത്തെ തലയെടുപ്പുള്ള സ്ത്രീസാന്നിധ്യമാണ് നാല് പതിറ്റാണ്ടായി ഇവർ.
പൊന്മുടി സംസ്ഥാനപാതയിൽ കല്ലാറിൽനിന്ന് മൂന്ന് കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിച്ചുവേണം മൊട്ടമൂടെത്താൻ. പാരമ്പര്യ വഴിയിലാണ് ലക്ഷ്മിക്കുട്ടി വൈദ്യവൃത്തി സ്വായത്തമാക്കിയത്. പൊന്മുടിയുടെ താഴ്വരയിലെ ഗോത്രവിഭാഗക്കാർ രാജാവായി വാഴിച്ച ശീതങ്കൻ മാത്തൻ കാണിയുടെ കൊച്ചുമകളും അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്ന കുന്തീദേവിയുടെ മകളുമാണ് ഇവർ. ഭർത്താവ് മാത്തൻകാണി ഏതാനും നാൾ മുമ്പ് മരിച്ചു. കാട്ടറിവുകളുടെ സർവകലാശാല എന്നാണ് ലക്ഷ്മിക്കുട്ടിയെ പ്രമുഖർ വിലയിരുത്തിയിട്ടുള്ളത്.
1995ൽ നാട്ടുവൈദ്യരത്നം പുരസ്കാരത്തിനർഹമായ ഇവർ 40ഒാളം കവിതകളും രചിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ഇന്നും വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാത്ത കാണിക്കാർ സമുദായത്തിനിടയിൽനിന്ന് ആറ് പതിറ്റാണ്ട് മുമ്പ് എട്ടാം ക്ലാസ് വിദ്യാഭ്യാസം നേടിയ ഇവർക്ക് സംസ്കൃതവും തമിഴും മലയാളവും നന്നായി വഴങ്ങും.
സസ്യശാസ്ത്രരംഗത്ത് ഗവേഷണം നടത്തുന്ന നിരവധി പേർ സംശയനിവാരണത്തിന് ലക്ഷ്മിക്കുട്ടിയുടെ സഹായം തേടാറുണ്ട്. പൊതുസമൂഹവുമായി നല്ല നിലയിൽ സംവദിക്കാനുള്ള കഴിവ് കിഴക്കൻ വനമേഖലയിലെ കാണിക്കാർ സമുദായത്തിെൻറ ബ്രാൻഡ് അംബാസഡർ എന്ന അനൗദ്യോഗിക പദവിയും ഇവർക്ക് നേടിക്കൊടുത്തിട്ടുണ്ട്. സഹകരണവകുപ്പിൽ ഒാഡിറ്ററായിരുന്ന മൂത്ത മകൻ ധരണീന്ദ്രൻ കാണി 2005ൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. രണ്ടാമത്തെ മകൻ ലക്ഷ്മണൻ കാണി റെയിൽവേയിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ശിവപ്രസാദ് നാട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
