Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി: ലക്ഷ്മി...

ലോ അക്കാദമി: ലക്ഷ്മി നായരെ മാറ്റി; സമരം തുടരുമെന്ന് വിദ്യാർഥി സംഘടനകൾ

text_fields
bookmark_border
ലോ അക്കാദമി: ലക്ഷ്മി നായരെ മാറ്റി; സമരം തുടരുമെന്ന് വിദ്യാർഥി സംഘടനകൾ
cancel

തിരുവനന്തപുരം: ലോ അക്കാദമിയില്‍ 21 ദിവസം നീണ്ട ശക്തമായ വിദ്യാര്‍ഥി സമരത്തിനൊടുവില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് തെറിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പകരം ചുമതല. അഞ്ചുവര്‍ഷത്തേക്ക് അധ്യാപികയായും അവര്‍  ഉണ്ടാവില്ളെന്ന് സമരം നടത്തുന്ന മറ്റ് സംഘടനകളെ ഒഴിവാക്കി എസ്.എഫ്.ഐയുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്‍റ് ഉറപ്പുനല്‍കി. 17 ആവശ്യങ്ങള്‍ അംഗീകരിച്ചെന്നറിയിച്ച് എസ്.എഫ്.ഐ സമരം പിന്‍വലിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിന്‍െറ രാജി ആവശ്യവുമായി മറ്റ് വിദ്യാര്‍ഥി സംഘടനകളും ബി.ജെ.പിയും സമരം തുടരുകയാണ്.

മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഇറങ്ങിപ്പോയതോടെ തിങ്കളാഴ്ചത്തെ രണ്ടാംഘട്ട ചര്‍ച്ചയില്‍  എസ്.എഫ്.ഐ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഇന്നലെ വീണ്ടും മാനേജ്മെന്‍റും എസ്.എഫ്.ഐയും ചര്‍ച്ച നടത്തുകയും ലക്ഷ്മി നായരെ മാറ്റുന്നതടക്കം തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. മറ്റുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സമരരംഗത്തുള്ള ബി.ജെ.പിയുടെ സി.ഐ ഓഫിസ് മാര്‍ച്ച് പേരൂര്‍ക്കടയില്‍ വന്‍ സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. നേതാക്കള്‍ക്ക് അടക്കം പരിക്കേറ്റതോടെ ബി.ജെ.പി ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്്.

അതേസമയം ഒത്തുതീര്‍പ്പ് കരാര്‍ അവ്യക്തത നിറഞ്ഞതാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ‘പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ സ്ഥാനം ഒഴിഞ്ഞു’ എന്ന ഒഴുക്കന്‍ പരാമര്‍ശം മാത്രമാണുള്ളത്. വാര്‍ത്തസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിലാണ് സമയപരിധിയും വ്യവസ്ഥയും ഡയറക്ടര്‍ ഡോ. നാരായണന്‍ നായര്‍ വ്യക്തമാക്കിയത്. പ്രിന്‍സിപ്പലിനെ മാറ്റിയതടക്കമുള്ള  ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് അവകാശപ്പെട്ടാണ് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചത്. അതേ സമയം പ്രിന്‍സിപ്പലിന്‍െറ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പുവ്യവസ്ഥക്കും തയാറല്ളെന്ന നിലപാടിലുറച്ച് കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി, എം.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത വിദ്യാര്‍ഥി ഐക്യം സമരത്തില്‍ ഉറച്ചുനില്‍ക്കുന്നു. അനിശ്ചിതകാല നിരാഹാരം തുടരാനാണ് ബി.ജെ.പി നേതാവ് വി. മുരളീധരന്‍െറയും തീരുമാനം. ക്ളാസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്നും സമരം ചെയ്ത വിദ്യാര്‍ഥികളോട് ഒരു പ്രതികാര നടപടിയുമുണ്ടാകില്ളെന്നും ചര്‍ച്ചക്കുശേഷം മാനേജ്മെന്‍റ് വിശദീകരിച്ചു. പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് സര്‍വകലാശാല വിലക്കിയിട്ടുള്ളതും മാറ്റിനിര്‍ത്തുന്നതില്‍ പരിഗണിച്ചിട്ടുണ്ട്. അതേ സമയം അക്കാദമി ഡയറക്ടര്‍ ബോര്‍ഡില്‍ ലക്ഷ്മി നായര്‍ തുടരും.  

 ഇനിയും സമരം തുടര്‍ന്നാല്‍ ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ ക്ളാസുകള്‍ നടത്തേണ്ടിവരുമെന്നായിരുന്നു നാരായണന്‍ നായരുടെ പ്രതികരണം. എന്നാല്‍ പകരം നിയോഗിച്ച വൈസ് പ്രിന്‍സിപ്പലിന് യോഗ്യതയില്ളെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് എസ്.എഫ്.ഐ നേതാക്കള്‍ മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തിയത്. പ്രശ്നപരിഹാരത്തിന് സ്ഥാപനത്തിന്‍െറ ഗവേണിങ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയുമായിട്ടായിരുന്നു ചര്‍ച്ച. എസ്.എഫ്.ഐ നേതാക്കള്‍ക്ക് നല്‍കിയ ഒത്തുതീര്‍പ്പ് കരാറിലും പ്രിന്‍സിപ്പലിനെ മാറ്റിയത് എത്ര കാലത്തേക്കെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതടക്കം 17 ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള കരാറാണ് മാനേജ്മെന്‍റ് എസ്.എഫ്.ഐക്ക് കൈമാറിയത്.

മാനേജ്മെന്‍റ് പുറത്തിറക്കിയ പത്രക്കുറിപ്പ്

 

Show Full Article
TAGS:lakshmi nair kerala law academy 
News Summary - lakshmi nair lawa academy
Next Story