ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു
text_fields
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് നടത്താനിരുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു. വധശ്രമക്കേസിൽ സിറ്റിങ് എം.പി മുഹമ്മദ് ഫൈസലിനെതിരെ കുറ്റം ചുമത്തിയതും കവരത്തി സെഷൻസ് കോടതിയുടെ 10 വർഷത്തെ ശിക്ഷാവിധിയും കേരള ഹൈകോടതി മരവിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം.
കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചതോടെയാണ് അദ്ദേഹത്തെ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. ഇതിനു പിന്നാലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. എന്നാൽ, സെഷൻസ് കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി വിധി വരുന്നതിനുമുമ്പേ തിടുക്കത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
തന്നെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യംചെയ്ത് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് തുടർനടപടി സ്വീകരിച്ചതെന്നും ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതം പ്രവർത്തിക്കുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഈ ഹരജി പരിഗണിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കമീഷന്റെ മൊഴി രേഖപ്പെടുത്തി ഹരജി തീർപ്പാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
2009 ഏപ്രിൽ 16ന് മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലിന് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
അതേസമയം, മുഹമ്മദ് ഫൈസലിനെതിരെ ചുമത്തിയ കുറ്റവും സെഷൻസ് കോടതി വിധിയും മരവിപ്പിച്ച കേരള ഹൈകോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ നൽകിയ ഹരജി അടുത്തയാഴ്ച പരിഗണിക്കും. ഹരജി ഉടൻ പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് അഭ്യർഥിച്ചിരുന്നു. ഇതേ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്.
എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരെ ചുമത്തിയ കുറ്റവും ശിക്ഷയും ജനുവരി 25നാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് മരവിപ്പിച്ചത്. ഉത്തരവിനെതിരെ ഫൈസലും സയ്യിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. എന്നാൽ, ഫൈസൽ ഒഴികെയുള്ളവരെ കുറ്റക്കാരായി കണ്ടെത്തിയ ഉത്തരവ് മരവിപ്പിച്ചിട്ടില്ല. ഹൈകോടതി വിധിക്കു പിന്നാലെ, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന മുഹമ്മദ് ഫൈസൽ മോചിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

