വീണ്ടും പറക്കാന്‍ തയാര്‍... കോവിഡ് ബാധിച്ച വനിതാ പൈലറ്റിന് രോഗമുക്തി
text_fieldsതിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യൻ രോഗമുക്തി നേടി. രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.
പ്രവാസികളെ വിദേശ രാജ്യങ്ങളില്‍നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്‍റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ഈ വനിത പൈലറ്റ്. മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ ലഭിച്ചതെന്ന് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
യു.എ.ഇ.യില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന് രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പ്രവാസികളെ കൊണ്ടുവരാനായി വിമാന ജീവനക്കാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രവാസികളെ കൊണ്ടു വരാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്ന ബിന്ദു സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് അഭിമാനമാണ്. രോഗമുക്തി നേടിയ ബിന്ദു സെബാസ്റ്റ്യന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
