പിഞ്ചോമനയെ കൊതിതീരെ കാണുംമുമ്പേ അമ്മ കോവിഡ് വാർഡിൽ ഏകാന്തവാസത്തിൽ
text_fieldsചാത്തന്നൂർ: കാത്തിരുന്ന് തെൻറ ലോകത്തേക്ക് പിച്ചവെച്ച ആ കുഞ്ഞിെൻറ മുഖമൊന്ന് കൊതിതീരെ കണ്ടതുപോലുമില്ല ഈയമ്മ. അമ്മിഞ്ഞപ്പാലിെൻറ രുചിയറിയാതെ ലോകത്തെ നോക്കിക്കരയുകയാണ് ആ പിഞ്ചോമന.
കുഞ്ഞിനെ കൊതിതീരെ കാണും മുമ്പേ അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുഞ്ഞും അമ്മയും അനുഭവിക്കുന്ന വിഷമത്തിൽ ഉള്ളരുകുകയാണ് ഉറ്റവരും ആരോഗ്യ പ്രവർത്തകരും.
സിസേറിയൻ കഴിഞ്ഞ് മൂന്നാംദിവസമാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കല്ലുവാതുക്കൽ സ്വദേശിനി കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന്, നടന്ന പരിശോധനയിൽ അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. കുഞ്ഞിന് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റിവാകുകയും ചെയ്തു.
നവജാത ശിശുക്കളെ സൂക്ഷിക്കുന്ന സ്ഥലത്ത് പ്രത്യേക സംവിധാനം ഒരുക്കി മെഡിക്കൽ കോളജ് അധികൃതരുടെ സംരക്ഷണത്തിൽ ഒരു ബന്ധുവിനൊപ്പമാണ് കുഞ്ഞ്. കോവിഡ് ചികിത്സക്കിടയിലും മാതാവ് കുഞ്ഞിനെ കാണണമെന്ന് വാശി പിടിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ ഇടപെട്ട് ഇവരെ ആശ്വസിപ്പിക്കുകയാണ്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് ചികിത്സക്കൊപ്പം പ്രസവശേഷമുള്ള എല്ലാ ചികിത്സയും മാതാവിന് ലഭ്യമാക്കുന്നുണ്ട്. കുട്ടിയെ ഡോക്ടർ പരിശോധിച്ച് പൂർണ ആരോഗ്യമുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
യുവതിയുടെ ഭർത്താവടക്കമുള്ള ബന്ധുക്കളുടെ ഫലവും നെഗറ്റിവാണ്. ഒരു സമ്പർക്ക പട്ടികയിലുമില്ലാത്ത ഇവർ എങ്ങനെ കോവിഡ് ബാധിതയായെന്നതിൽ വ്യക്തതയില്ല.