ലേബർ കോഡ്: കരടിൽ കൂടുതൽ ഇളവ് ശിപാർശ
text_fieldsതിരുവനന്തപുരം: ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചട്ടങ്ങൾ രൂപവത്കരിക്കാൻ ഇടതു സർക്കാറിന്റെ കാലത്ത് തയാറാക്കിയ കരടിൽ കൂടുതൽ ഇളവുകൾ ശിപാർശ ചെയ്ത് യു.ഡി.എഫ് സർക്കാർ നിയോഗിച്ച സമിതി. ട്രേഡ് യൂനിയൻ രജിസ്ട്രേഷൻ ഫീസ് 1000 രൂപയാക്കി കുറക്കണമെന്നാണ് സമിതിയുടെ ശിപാർശ. ടി.പി. രാമകൃഷ്ണൻ തൊഴിൽ മന്ത്രിയായിരിക്കെ രജിസ്ട്രേഷൻ ഫീസ് 10,000 രൂപയാക്കി വർധിപ്പിച്ചിരുന്നു. യൂനിയനുകൾ വാർഷിക റിട്ടേണുകൾ സമർപ്പിക്കാൻ വൈകിയാൽ 1000 രൂപ പിഴ ഈടാക്കണമെന്ന കരടിലെ നിർദേശം ഒഴിവാക്കണം. ട്രേഡ് യൂനിയൻ ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ഫീസ് 5000 രൂപയിൽനിന്ന് 250 ആക്കണം. നിലവിലെ മിനിമം വേജസ് സമിതിക്കു പകരം സ്റ്റേറ്റ് അഡ്വൈസറി ബോർഡിനെ നിയോഗിക്കാനാണ് കോഡിലെ വ്യവസ്ഥ. ഈ ബോർഡിന്റെ കാലാവധി മൂന്ന് വർഷമാക്കാൻ സമിതി ശിപാർശ ചെയ്യുന്നു.
സ്ത്രീ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ക്രഷുകളിൽ 10 കുട്ടികൾക്ക് ഒരു ആയയെ നിയോഗിക്കണം. ഇടതുസർക്കാറിന്റെ കാലത്തെ കരടിൽ ഇത് 30 കുട്ടികൾക്ക് ഒരു ആയ ആയിരുന്നു. പ്രതിദിന ഓവർടൈം എന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനമനുസിച്ച് എട്ടു മണിക്കൂർ വരെയാക്കാമെന്ന ശിപാർശയും സമിതി മുന്നോട്ടുവെക്കുന്നു.
ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായും മറ്റും നടത്തിയ വിശദ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമിതി തയാറാക്കിയ കരട് റിപ്പോര്‍ട്ട് മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ലേബര്‍ കമീഷണര്‍ കണ്‍വീനറായും നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി അംഗമായും വിവിധ ട്രേഡ് യൂനിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളുമായ സമിതിയെയാണ് യു.ഡി.എഫ് സർക്കർ നിയോഗിച്ചത്.

