തൊഴില്‍ സഭകള്‍ക്ക് നാളെ തുടക്കമാകുന്നു, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsകോഴിക്കോട് : യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭകള്‍ക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദല്‍ സൃഷ്ടിക്കുന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തുടക്കമാകുന്നത്. തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ സ്വന്തം വാര്‍ഡിലെ തൊഴില്‍സഭയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്‍ററില്‍ രാവിലെ 10 ന് പരിപാടി മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. എം.പിമാരായ കെ. സുധാകരൻ, വി. ശിവദാസൻ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖ പ്രസംഗം നടത്തും.
പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തന്‍ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴില്‍സഭകളിലൂടെ ലക്ഷ്യമിടുന്നത്.
ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്ക് വഴി ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമെല്ലാം തൊഴില്‍ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്.
മുന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് തൊഴില്‍ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

