ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; പ്രത്യേക നിയമത്തിന് സാധ്യത തേടും -മന്ത്രി ശിവൻകുട്ടി
text_fieldsവി.ശിവൻകുട്ടി (ഫയൽ ചിത്രം)
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലേബർ കോഡ് തൊഴിലാളി വിരുദ്ധമായതിനാൽ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കേരളത്തിൽ പ്രത്യേക നിയമത്തിന് സാധ്യത തേടുമെന്നും മന്ത്രി വി. ശിവൻകുട്ടി. തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്‍റെ നേതൃത്വത്തിൽ തൊഴിലാളി യൂനിയൻ നേതാക്കളടക്കം കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകും. ഡിസംബർ 19ന് കേരളം സംഘടിപ്പിക്കുന്ന ‘ലേബർ കോൺക്ലേവി’ൽ ലേബർ കോഡ് ചർച്ച ചെയ്ത് അഭിപ്രായ രൂപവത്കരണം നടത്തുമെന്നും തൊഴിലാളി യൂനിയൻ നേതാക്കളുമായുള്ള ഓൺലൈൻ യോഗത്തിന് ശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാല് സെഷനുകളിലായുള്ള കോൺക്ലേവിൽ ലേബർ കോഡ് തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്നും അതിനുള്ള പരിഹാരവും ചർച്ച ചെയ്യും. കേന്ദ്ര ട്രേഡ് യൂനിയൻ നേതാക്കളെയും സംസ്ഥാന തൊഴിൽ മന്ത്രിമാരെയും ക്ഷണിക്കും. തൊഴിൽ രംഗത്തെ നിയമവിദഗ്ധരടക്കം കോൺക്ലേവിന്‍റെ ഭാഗമാകും. ഒരുമാസം മുമ്പ് ഡൽഹിയിൽ നടന്ന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ ലേബർ കോഡ് സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കേരളം ആവശ്യപ്പെട്ട പോലെ തൊഴിലാളികളുടെ സംഘടനകളുടെ യോഗം വിളിക്കുന്നത് ആലോചിക്കാമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്.
കേന്ദ്രത്തിന്‍റെ പുതിയ നിയമത്തെ എതിർക്കുന്ന തൊഴിലാളികളെ അടിച്ചമർത്താൻ നോക്കേണ്ട. അത് സർക്കാർ അനുവദിക്കില്ല. ലേബർ കോഡിനെതിരായ കഴിഞ്ഞ ദിവസത്തെ സമരത്തിൽ കറുത്ത ബാഡ്ജ് ധരിച്ച് തൊഴിലാളികൾ പങ്കെടുത്തിരുന്നു. ബാങ്കിങ് മേഖലയിൽ കറുത്ത ബാഡ്ജ് ധരിച്ചവരുടെ പട്ടിക തയാറാക്കി നോട്ടീസ് നൽകുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഒരു തൊഴിലാളിയുടെ പേരിലും നടപടിയെടുക്കാൻ തൊഴിൽ വകുപ്പ് അനുവദിക്കില്ല. തൊഴിലാളികൾക്ക് പലപ്പോഴായി നേടിയെടുത്ത അവകാശങ്ങളാണ് ലേബർ കോഡ് വഴി നിഷേധിക്കപ്പെടുന്നത്. കറുത്ത ബാഡ്ജ് ധരിച്ചവർക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ഇതിലെ ആദ്യ പ്രഹരമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

