കോവിഡ് മരണനിരക്കിനെ ചൊല്ലി സഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ തര്‍ക്കം
text_fieldsതിരുവനന്തപുരം: കോവിഡ് മരണനിരക്കിനെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ തര്‍ക്കം. കോവിഡ് പ്രതിരോധത്തിന് പൂർണ പിന്തുണ നല്‍കുമെന്ന് അവതരണാനുമതി തേടിയ ഡോ. എം.കെ. മുനീർ പ്രഖ്യാപിച്ചെങ്കിലും മരണനിരക്ക്, വാക്സിന് വിതരണം എന്നിവയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നല്കിയ മറുപടിയാണ് ബഹളത്തിന് വഴിെവച്ചത്. വലിയ വാഗ്വാദം ഉണ്ടായെങ്കിലും സര്‍ക്കാർ നടപടികളുമായി പൂർണമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇറങ്ങിപ്പോക്കിന് പ്രതിപക്ഷം തയാറായില്ല. അതേസമയം ഐ.സി.എം.ആര് മാനദണ്ഡങ്ങള്‍ അനുസരിച്ച് കോവിഡ് മരണനിരക്ക് കണ്ടെത്തുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ചികിത്സിക്കുന്ന ഡോക്ടർക്ക് പകരം യാതൊരു ബന്ധവുമില്ലാത്ത ഒരു ബോര്‍ഡ് മരണകാരണം തീരുമാനിക്കുന്നത് അശാസ്ത്രീയമാെണന്ന് മുനീർ ചൂണ്ടിക്കാട്ടി. ഇത് മരണനിരക്ക് കുറച്ചുകാട്ടി കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം മുന്നിലെന്ന് വരുത്തിത്തീർക്കാനാണ്. രണ്ടാംതരംഗത്തില്‍ മതിയായ ആശുപത്രി സൗകര്യങ്ങളില്ലാതെ രോഗികൾ വലയേണ്ടിവന്നു. വാക്സിന് വിതരണം ജനസംഖ്യാനുപാതികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനീറിെൻറ ആരോപണം കോവിഡിനെ നേരിടാന്‍ കിണഞ്ഞുപ്രവര്ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറക്കുന്നെന്ന ആക്ഷേപം വാസ്തവ വിരുദ്ധമാണ്. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലകൾക്ക് ജനസംഖ്യാനുപാതികമായാണ് വാക്സിൻ നല്‍കിയത്. കോവിഡ് പ്രതിരോധശ്രമങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും മന്ത്രി ആവശ്യെപ്പട്ടു. ഇതോടെ പ്രതിപക്ഷനിരയിൽനിന്ന് പ്രതിഷേധമുയർന്നു.
സര്‍ക്കാറിന് പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും ആരോഗ്യമന്ത്രിക്ക് പുല്ലുവിലയാണെന്നും സഹകരണം വേണ്ടെന്ന നിലപാടാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. മന്ത്രിക്ക് വേണ്ടെങ്കിലും ജനങ്ങൾക്കുവേണ്ടി സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വിഷയം ഒരുതരത്തിലും വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തുന്ന ഒരുവാക്കും മുനീര്‍ പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറഞ്ഞു.
മരണനിരക്ക് കുറച്ചാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കിട്ടാതെവരും. കോവിഡ് ബാധിതൻ നെഗറ്റിവ് ആയശേഷം പിന്നീട് മരിച്ചാൽ മരണകാരണം കോവിഡല്ലെന്ന ഇപ്പോഴത്തെ മാനദണ്ഡം ശരിയല്ല. അതിനാലാണ് ഡി.വൈ.എഫ്.െഎ നേതാവായിരുന്ന പി. ബിജുവിെൻറ മരണംപോലും കോവിഡ് പട്ടികയിൽ വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

